ബി.ജെ.പിക്കാര്‍ ഐ.എസ്.ഐയില്‍ നിന്ന് പണം വാങ്ങുന്നവര്‍ തന്നെ; ആവര്‍ത്തിച്ച് ദിഗ് വിജയ് സിങ്

Saturday, September 7, 2019

ചില ബി.ജെ.പി അംഗങ്ങള്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് പണം വാങ്ങുന്നവരും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരുമാണെന്ന് ആവര്‍ത്തിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്. നേരത്തെയും ദിഗ്വിജയ് സിങ് സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി രംഗത്തുവന്നതോടെയാണ് ദിഗ് വിജയ് സിങ് തന്റെ ആരോപണം ആവര്‍ത്തിച്ചിരിക്കുന്നത്.
പാക് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിന് ബജ്‌റംഗദള്‍ നേതാവ് ബല്‍റാം സിങ് അടക്കം അഞ്ച് പേര്‍ ആഗസ്റ്റ് 21ന് മധ്യപ്രദേശിലെ സത്‌നയില്‍ അറസ്റ്റിലായിരുന്നു.
പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് ബി.ജെ.പിയും ബജ്‌റംഗദളും പണം പറ്റുന്നു. രാജ്യത്ത് പാകിസ്താന് വേണ്ടി ചാരപ്പണി നടത്തുന്നത് മുസ്ലിംങ്ങളെക്കാള്‍ മറ്റുള്ളവരാണെന്നും ദിഗ്വിജയ് സിങ് പറഞ്ഞിരുന്നു.
ഭീകരപ്രവര്‍ത്തനത്തിന് പാക് പണം വാങ്ങി 2017ല്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു ബജ്റംഗ്ദള്‍ നേതാവ് ബല്‍റാം സിങ്. ചാരവൃത്തി കേസില്‍ രണ്ട് വര്‍ഷം മുമ്പ് ബി.ജെ.പി യുവമോര്‍ച്ചാ നേതാവായ ധ്രുവ് സക്‌സേനയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പിക്കെതിരായുള്ള പ്രത്യയശാസ്ത്ര പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ദിഗ്വിജയ് സിങ്പറഞ്ഞു.