ലൂസിഫറിലെ ഒരു പോസ്റ്ററിനെതിരെ പൊലീസ് അസോസിയേഷന്‍റെ പരാതിയിൽ സേനയിൽ വിരുദ്ധാഭിപ്രായം

Jaihind Webdesk
Friday, April 5, 2019

മോഹൻലാൽ ചിത്രം ലൂസിഫറിലെ ഒരു പോസ്റ്ററിനെതിരെ പൊലീസ് അസോസിയേഷൻ പരാതി നൽകിയതിൽ സേനയിൽ വിരുദ്ധാഭിപ്രായം. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം വില്ലനായ പൊലീസുകാരൻറെ നെഞ്ചിൽ ചവിട്ടുന്ന ചിത്രമാണ് വിവാദമായിരുന്നു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതികളായ കേസുകളിൽ ഭരണക്കൂറുള്ള പൊലീസുകാർ നേതാക്കൾക്കായി ഒത്താശ ചെയ്തുവെന്ന് ആരോപിച്ചാണ് ഭിന്നത.

വിവാദ പോസ്റ്ററിനെതിരെ പൊലീസ് അസോസിയേഷൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കൂടാതെ പൊലീസ് കുടുംബങ്ങൾ ചിത്രം ബഹിഷ്‌ക്കരിക്കുമെന്ന പ്രഖ്യാപനവും നടത്തി. ഇതിനെതിരെയാണ് അസോസിയേഷന് അകത്തും പുറത്തുമായി അമർഷം രൂപപെട്ടത്.

തിരുവനന്തപുരം പാളയത്ത് നടുറോഡിൽ എസ്എഫ്‌ഐ പ്രവർത്തകർ പൊലീസുകാരെ തല്ലിയിട്ടും പ്രതികരിക്കാതിരുന്ന പൊലീസ് അസോസിയേഷൻ ഒരു സിനിമാ പോസ്റ്ററിൻറെ പേരിൽ പരാതിയുമായി എത്തിയത് ഇരട്ടത്താപ്പാണെന്ന് സേനയിലെ വലിയൊരു വിഭാഗം പറയുന്നു. പാളയത്ത് നടന്ന സംഭവത്തിലെ മുഖ്യപ്രതിയായ എസ്എഫ്‌ഐ പ്രവർത്തകനായ നസീം കൈയ്യത്തും ദൂരത്തുണ്ടായിരുന്നിട്ടും പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു.

ഇതിനുപുറമേ തലസ്ഥാനത്ത് രണ്ടു സംഭവങ്ങളിലായി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രതികളായ കേസുകളിൽ പൊലീസ് അസോസിയേഷൻ മൗനം പാലിച്ചത് സേനയ്ക്കുള്ളിൽ അമർഷത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം വാഹനപരിശോധനയ്ക്കിടെ പൂന്തുറ ഗ്രേഡ് എസ്.ഐ ശൈലേന്ദ്ര പ്രസാദിനെ ഇടിച്ചുവീഴ്ത്തി കടന്നുകളയാൻ ശ്രമിച്ച പ്രവീൺ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കുന്നതിനായി സിപിഎം പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളയുകയും ചെയ്തു. ഈ സംഭവത്തിൽ പിന്നീട് കൃത്യവിലോപവും അച്ചടക്കലംഘനവും ആരോപിച്ച് ശൈലേന്ദ്ര പ്രസാദിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഈ സസ്‌പെൻഷൻ എന്ന് പൊലീസിലെ ഒരു വിഭാഗം പറയുന്നു.