ബലാത്സംഗ കേസില്‍ ചലച്ചിത്ര സംവിധായകന്‍ സനോജ് കുമാര്‍ മിശ്രയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. മഹാകുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടി മോണാലിസയ്ക്ക് സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത സംവിധായകനാണ് മിശ്ര. മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു
ഡല്‍ഹി പോലീസ് പറയുന്നതനുസരിച്ച്, നായികയാകാന്‍ ആഗ്രഹിച്ച പെണ്‍കുട്ടിയെ സനോജ് മിശ്ര പലതവണ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ താമസിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ മിശ്രയെ പരിചയപ്പെട്ടുവെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. 2021 ജൂണ്‍ 18 ന്, മിശ്ര തന്നെ ഒരു റിസോര്‍ട്ടിലേക്ക് കൊണ്ടുപോയി, മയക്കുമരുന്ന് നല്‍കി, ലൈംഗികമായി പീഡിപ്പിച്ചു. തന്റെ ആക്ഷേപകരമായ ഫോട്ടോകളും വീഡിയോകളും എടുത്ത്, അത് ദുരുപയോഗിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് 28 കാരിയായ വനിത അവകാശപ്പെട്ടു. വിവാഹം കഴിക്കാമെന്ന വാഗ്ദാനവും സിനിമാ അവസരങ്ങള്‍ നല്‍കുമെന്ന് പ്രലോഭിപ്പിച്ചതായും ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് മുംബൈയില്‍ ഒരു ലിവ്-ഇന്‍ ബന്ധത്തിലേക്ക് നിര്‍ബന്ധിച്ചതായും പരാതിപ്പെടുന്നു. ഈ സമയത്ത്, ഒട്ടേറെ തവണ മിശ്ര തന്നെ ആക്രമിച്ചതായും മൂന്ന് തവണ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയതായും ആരോപിക്കുന്നു.
2025 ഫെബ്രുവരിയില്‍ മിശ്ര തന്നെ ഉപേക്ഷിച്ചുവെന്നും പരാതി നല്‍കിയാല്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വനിത ഹര്‍ജിയില്‍ പറയുന്നു. ബലാത്സംഗം, ആക്രമണം, ക്രിമിനല്‍ ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തി സനോജ് കുമാര്‍ മിശ്രയ്‌ക്കെിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിര്‍ബന്ധിത ഗര്‍ഭഛിദ്രം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ രേഖകള്‍ മുസാഫര്‍നഗറില്‍ നിന്ന് ലഭിച്ചതായും വിവരമുണ്ട്. .
45 കാരനായ സിനിമാ സംവിധായകന്‍ സനോജ് കുമാര്‍ മിശ്ര വിവാഹിതനാണ്, മുംബൈയില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. 2025 ലെ മഹാകുംഭമേളയില്‍ വൈറലായ മോണാലിസയ്ക്ക് ഒരു സിനിമ വാഗ്ദാനം ചെയ്തതോടെയാണ് സനോജ് മിശ്ര പെട്ടെന്ന് ശ്രദ്ധാകേന്ദ്രമായത്. സനോജിനെതിരെ പല തരത്തിലുള്ള ആരോപണങ്ങള്‍ തുടര്‍ച്ചയായി ഇതിനുമുമ്പും ഉയര്‍ന്നുവന്നിട്ടുണ്ട്. സനോജിന്റെ മുന്‍ പങ്കാളി വസീം റിസ്വി ഒട്ടേറെ ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരേ ഉന്നയിച്ചിട്ടുണ്ട്, അതിലൊന്ന് ഇയാള്‍ മോണാലിസയെ തന്റെ കെണിയില്‍ കുടുക്കിയെന്നതായിരുന്നു .