സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

നിര്‍മാതാവും സംവിധായകനുമായ തമ്പി കണ്ണന്താനം (65) അന്തരിച്ചു. 12.50ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍, വൃക്ക രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1983ല്‍ പുറത്തിറങ്ങിയ താവളം ആണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. രാജാവിന്‍റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം തുടങ്ങി പതിനാറോളം സിനിമകള്‍ സംവിധാനം ചെയ്തു. 2004ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. ഏഴ് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

സിനിമയുടെ വിവിധ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായരുന്നു തമ്പി കണ്ണന്താനം. ചലച്ചിത്ര സംവിധായകൻ എന്നതിൽ ഉപരിയായി നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് തമ്പി കണ്ണന്താനം.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ കണ്ണന്താനത്തു കുടുംബത്തിൽ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബർ 11ന് ജനനം. കോട്ടയം എം സി സെമിനാരി ഹയർ സെക്കന്‍ററി സ്‌ക്കൂൾ, സെന്‍റ് ഡൊമിനിക് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.

സംവിധായകൻ ജോഷിയുടെ സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ൽ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. 19866ൽ പുറത്തിറങ്ങിയ ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്. നടൻ മോഹൻലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഈ ചിത്രം. 1987ൽ ‘വഴിയോരക്കാഴ്ചകൾ’, ‘ഭൂമിയിലെ രാജാക്കന്മാർ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. തുടർന്ന് നിരവധി ഹിറ്റു ചിത്രങ്ങൾ സംവിധാനം ചെയ്തു.

ഏകദേശം 13ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 5 ചിത്രങ്ങൾ നിർമ്മിക്കുകയും 3 ചിത്രങ്ങൾക്ക് തിരക്കഥ നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ആ നേരം അൽപ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങൾ. 1981ൽ പ്രദർശനത്തിനെത്തിയ ‘അട്ടിമറി’ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.2004ൽ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സംവിധായകൻ കൂടിയാണ് തമ്പി കണ്ണന്താനം. ഒരുകാലത്ത് മോഹൻലാൽ-തമ്പി കണ്ണന്താനം കൂട്ടുകെട്ട് വലിയ ഹിറ്റുകളാണ് സൃഷ്ടിച്ചത്. ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ മലയാളി മനസ്സുകളിൽ മായാതെ നിൽക്കും.

thampi kannamthanam
Comments (0)
Add Comment