പ്രിയനന്ദന് നേരെ ബിജെപി പ്രവര്‍ത്തകന്‍ ചാണകവെള്ളം ഒഴിച്ചു; ആക്രമിക്കപ്പെട്ടത് ശബരിമല ഫേസ്ബുക്കിന്റെ പേരിലെന്ന് സംശയം

Jaihind Webdesk
Friday, January 25, 2019

തൃശൂര്‍: സിനിമാ സംവിധായകന്‍ പ്രിയനന്ദനന് നേരേ ആക്രമണം. വല്ലച്ചിറയില്‍ പ്രിയനന്ദന്റെ വീടിനടുത്തുള്ള കടയില്‍വെച്ചാണ് ആക്രമിച്ചത്. മര്‍ദ്ദിച്ചശേഷം പ്രിയനന്ദന്റെ മേല്‍ ചാണകവെള്ളവും ഒഴിച്ചു. അക്രമത്തിനു പിന്നില്‍ തനിക്കറിയാവുന്ന ബിജെപി പ്രവര്‍ത്തകനാണെന്ന് പ്രിയനന്ദന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ഒമ്പതരയോടെയാണ് ആക്രമണമുണ്ടായത്.

ശബരിമല വിഷയത്തിലെ പ്രിയനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് മതനിന്ദയെന്ന സംഘപരിവാര്‍ അനുകൂലികള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ പ്രിയനന്ദനന്‍ അടക്കമുള്ളവര്‍ക്ക് പൊലീസിന്റെ അകമ്പടി ഇല്ലാതെ തൃശൂരില്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫേസ്ബുക് പോസ്റ്റിനെതിരെ നിയമനടപടികളും സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അക്രമണമുണ്ടായത്. മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രിയനന്ദന്‍ പൊലീസില്‍ പരാതി നല്‍കി.