മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി സംശയിച്ച് കോണ്‍ഗ്രസ്. പോസ്റ്റല്‍ ബാലറ്റ് കണക്കുകള്‍ പുറത്തുവിട്ട് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗാണ് രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് ലീഡെന്ന് ദിഗ്‌വിജയ് സിംഗ് പറയുന്നു. ഈ വോട്ടിംഗ് പാറ്റേണ്‍ സമ്പൂര്‍ണ്ണമായി മാറിയത് എങ്ങനെയാണ്. എത്രനാള്‍ ജനം നിശബ്ദരായി ഇരിക്കുമെന്നും ദിഗ്‌വിജയ് സിംഗ് ചോദിക്കുന്നു. പോസ്റ്റല്‍ ബാലറ്റ് കണക്കുകള്‍ നിരത്തിയാണ് ദിഗ്‌വിജയ് സിംഗിന്‍റെ ആരോപണം. 2003 മുതല്‍ താന്‍ ഇവിഎമ്മിന് എതിരാണ്. ജനാധിപത്യത്തെ പ്രൊഫഷണല്‍ ഹാക്കര്‍മാര്‍ നിയന്ത്രിക്കുന്നത് തടയണം. രാഷ്ട്രീയപാര്‍ട്ടികള്‍ വിഷയം ഗൗരവത്തോടെ എടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനും, സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇടപെടണമെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.