പൂരം നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനം നാളെ ; ഇളവ് വേണമെന്ന് ദേവസ്വങ്ങള്‍

Jaihind Webdesk
Sunday, April 18, 2021

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം നാളെ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും. അതേസമയം തൃശൂർ പൂരത്തിനുള്ള പ്രവേശന പാസ് നാളെ രാവിലെ പത്ത് മുതൽ കൊവിഡ് ജാഗ്രതാ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസമാകുമെന്ന നിലപാടിലാണ് ദേവസ്വങ്ങൾ. രണ്ട് ഡോസ് വാക്സിനേഷൻ എന്ന കാര്യത്തിൽ ഇളവ് വേണമെന്ന ആവശ്യമാണ് ദേവസ്വങ്ങൾ മുന്നോട്ടുവെക്കുന്നത്. കൊവിഡിന്‍റെ പേരില്‍ പൂരം മുടക്കാന്‍ അനാവശ്യ ഭീതി പരത്തുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് ആരോപിച്ചു. ജനങ്ങളെ പേടിപ്പിക്കുന്ന രീതിയില്‍ ഡി.എം.ഒ വീഡിയോ പുറത്തിറക്കിയതില്‍ ദുരൂഹതയുണ്ട് . ആസൂത്രിതമായി പൂരം മുടക്കാനാണ് ശ്രമം. എന്തു വന്നാലും പൂരം നടത്തുമെന്നാണ് ആഘോഷകമ്മിറ്റി തീരുമാനിച്ചിട്ടുളളതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധം ശക്തമായതോടെ ദേവസ്വങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം തൃശൂർ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോർട്ടലിൽ നിന്നും നാളെ 10 മണി മുതൽ ഡൗൺലോഡ് ചെയ്യാം. തൃശൂർ ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ പേര് തുടങ്ങിയ വിവരങ്ങൾ എൻ്റർ ചെയ്യുക. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിർണയത്തിനുള്ള ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിൻ്റെ സർട്ടിഫിക്കറ്റോ അപ്‌ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ് ചെയ്യാം.