ബി.ജെ.പിക്ക് എന്തുമാകാം ! സുപ്രീം കോടതി ഉത്തരവിന് പുല്ലുവില ; മലിനീകരണ നിയന്ത്രണത്തിനുള്ള നിർദേശങ്ങള്‍ കാറ്റില്‍ പറത്തി ഡല്‍ഹിയില്‍ ആസ്ഥാനമന്ദിര നിർമാണം

Jaihind Webdesk
Saturday, November 16, 2019

ന്യൂഡല്‍ഹി : സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ഡല്‍ഹിയില്‍ ബി.ജെ.പിയുടെ ആസ്ഥാന മന്ദിരത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി ഡല്‍ഹിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇത് മറികടന്നാണ് ബി.ജെ.പി ആസ്ഥാന മന്ദിരത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനം ധ്രുതഗതിയില്‍ നടത്തുന്നത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പഴയ വാഹനങ്ങളുടെ ഉപയോഗവും വിലക്കിയിരുന്നു. ഡല്‍ഹിയിലെ എല്ലാ മിക്‌സിംഗ് പ്ലാന്‍റുകളും ക്രഷറുകളും അടച്ചിടാനും നിര്‍ദേശമുണ്ടായിരുന്നു. ഈ വിലക്കുകള്‍ നിലനില്‍ക്കവെയാണ് ബി.ജെ.പി ആസ്ഥാന മന്ദിരത്തിന്‍റെ നിര്‍മാണം ഇപ്പോഴും തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലാണ് കെട്ടിട നിര്‍മാണം നടക്കുന്നത്. നിർമാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന ബോര്‍ഡ് പുറത്ത് വെച്ചിട്ടുണ്ടെങ്കിലും അകത്ത് ജോലികള്‍ നടക്കുന്നുണ്ടെന്ന് സമീപത്തുള്ളവര്‍ വ്യക്തമാക്കിയതായി ന്യൂസ് ലോണ്ടറി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഡല്‍ഹിയിലെ വായുമലിനീകരണതോത് അതീവ ഗുരുതരമായി തുടരുകയാണ്. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വയല്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഡല്‍ഹിയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അത് തടയാന്‍ സര്‍ക്കാരുകള്‍ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 480 ആണ് ഡല്‍ഹിയില്‍ ഇന്നത്തെ അന്തരീക്ഷ വായു നിലവാരം.

*pic courtesy : newslaundry