അഴിമതി വിവാദ ങ്ങൾക്കിടയിലും ലൈഫ് മിഷൻ പദ്ധതിയുടെ മറവിലെ ധൂർത്തിനെ സാധൂകരിച്ച് സർക്കാർ | VIDEO

Jaihind News Bureau
Sunday, October 25, 2020

അഴിമതി വിവാദ ങ്ങൾക്കിടയിലും ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന ധൂർത്തിനെ സാധൂകരിച്ച് സർക്കാർ ഉത്തരവ്. ലൈഫ് മിഷൻ ഭവന പദ്ധതിയുടെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും തിരുവനന്തപുരം ജില്ലാതല കുടുംബ സംഗമത്തിന്‍റെയും പേരിൽ ചിലവാക്കിയത് 33,21,223രൂപ. ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാരിലെ പ്രമുഖരുടെ ഇടപ്പെടലുകള്‍ വരെ സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന ലൈഫ് മിഷന്‍ വിവാദങ്ങള്‍ക്കിടെയും പദ്ധതിയുടെ മറവിലെ പി ആര്‍ ധൂര്‍ത്ത് വെളിപ്പെടുത്തുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ 19ന് തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപന പരിപാടിയുടെ പേരില്‍ തീരുവന്തപുരം ജില്ലയില്‍ ഒറ്റ ദിവസം ധൂര്‍ത്തടിച്ചത് 33,21,223രൂപയാണ്. മൂപ്പത് ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ച പരിപാടി നടത്തിപ്പിന് അധികം ചെലവായ 3,21,223രൂപ ഈ ഉത്തരവിലുടെ സാധൂകരിച്ച് നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രഖ്യാപന പരിപാടിയുടെ നടത്തിപ്പിന് പന്തല്‍ കെട്ടിയ ഇനത്തിലും. കസേരകളും മേശകളും അടക്കം എത്തിച്ചതിനും, ഡിജിറ്റല്‍ ഡിസ്‌പ്ലേയും ബാക്ക്‌ഡ്രോപ്പും ഒരുക്കിയതിനും ഒക്കെ ചേര്‍ത്താണ് ഈ തുക ചെലവായത്. 20 ലക്ഷം രൂപ ലൈഫ് മിഷനും, 5 ലക്ഷം തിരുവനന്തപുരം ജില്ല പഞ്ചായത്തും 5 ലക്ഷം തിരുവനന്തപുരം കോർപ്പറേഷനും ചേര്‍ന്ന് ചെലവഴിക്കും എന്ന തീരുമാനിച്ച ഇടത്താണ് പിന്നീട് വന്ന അധിക ചെലവും ലൈഫ് മിഷന്‍ ഫണ്ടില്‍ നിന്ന ചിലവാക്കാന്‍ ലൈഫ് മിഷന്‍ സിഈഒയുടെ കത്തിനെ തുടര്‍ന്ന് തീരുമാനമായത്. ഫെബ്രുവരി 29 ന് സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഇത്തരത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ചെലവാക്കുന്ന കണക്ക് അനുസരിച്ച് കുറഞ്ഞത് പത്ത് കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാന്‍ സാധിക്കുമായിരുന്ന തുകയാണ് തിരുവനന്തപുരം ജില്ലയിലെ മാത്രം ഒറ്റ ദിവസത്തെ കുടുംബസംഗമത്തിന്‍റെയും പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്‍റെയും പേരില്‍ പൊടിച്ചത്. പ്രളയവും കൊവിഡും തകര്‍ത്ത സംസ്ഥാനത്തെ സാധാരണക്കാരന്റെ ജീവിതം ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ പണമില്ല എന്ന പറയുന്ന സര്‍ക്കാര്‍ തന്നെയാണ് പി ആറിന് വേണ്ടി ലക്ഷങ്ങളും കോടികളും പൊടിക്കുന്നത്.