ദേശാഭിമാനി വ്യാജവാർത്ത; നിയമ നടപടിയുമായി മറിയക്കുട്ടി

Jaihind Webdesk
Friday, November 17, 2023

ഇടുക്കി: അടിമാലിയിൽ പെൻഷൻ മുടുങ്ങിയതു മൂലം ഭിക്ഷ യാചിച്ച വയോധികർക്കെതിരെ ദേശാഭിമാനി വ്യാജവാർത്ത നൽകിയതിൽ നിയമനടപടിയുമായി മറിയക്കുട്ടി. നിയമനടപടികളുടെ ഭാഗമായി മറിയക്കുട്ടി യൂത്ത് കോൺഗ്രസിന്‍റെ സഹായത്തോടെ വക്കാലത്തും നൽകി. ദേശാഭിമാനിക്കെതിരെ തിങ്കളാഴ്ച മാനനഷ്ടക്കേസ് അടിമാലി കോടതിയിൽ ഫയൽ ചെയ്യും. പെൻഷൻ മുടങ്ങാതെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി നൽകും.

ഇന്ന് രാവിലെയാണ് മറിയക്കുട്ടി ദേശാഭിമാനി തനിക്കെതിരെ നൽകിയ വ്യാജവാർത്തയ്ക്ക് എതിരെ മാനനഷ്ടക്കേസും
സംസ്ഥാന സർക്കാർ പെൻഷൻ മുടക്കിയതിനെതിരെയുള്ള ഹർജിയും സമർപ്പിക്കുന്നതിനായി അഭിഭാഷകന് വക്കാലത്ത് കൈമാറിയത്. കേരളത്തിൽ ജനങ്ങളെ അറിയുന്ന ഒരു സർക്കാരില്ലെന്നും സിപിഎം പ്രവർത്തകർ മാത്രമാണ് പിണറായി സർക്കാരിന് ജനങ്ങളെന്നും വക്കാലത്ത് നൽകിയശേഷം മറിയക്കുട്ടി പ്രതികരിച്ചു.

തനിക്കുവേണ്ടി മാത്രമല്ല തന്നെപ്പോലെ പെൻഷൻ മുടങ്ങിയിരിക്കുന്ന സംസ്ഥാനത്തെ മുഴുവൻ വയോജനങ്ങൾക്കും വേണ്ടിയാണ് ഹൈക്കോടതിയിൽ പോകുന്നതെന്നും മറിയക്കുട്ടി പറഞ്ഞു. സൈബർ ഇടങ്ങളിൽ അടക്കം വ്യാപകമായി ആക്രമണം ഉണ്ടായപ്പോഴും നിയമ നടപടിയുമായി പോകുന്നതിനുള്ള സാമ്പത്തികം ഇല്ലാതിരുന്നതായിരുന്നു ബുദ്ധിമുട്ട്. ഇതേ തുടർന്നാണ് യൂത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി നിയമസഹായവുമായി രംഗത്തെത്തിയത്. മറിയക്കുട്ടി അമ്മയ്ക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.

ദേശാഭിമാനിക്കെതിരെയുള്ള മാനനഷ്ടക്കേസ് അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിലും സംസ്ഥാന സർക്കാർ പെൻഷൻ മുടക്കുന്നതിനെതിരെയുള്ള കേസ് ഹൈക്കോടതിയിലും ആണ് ഫയൽ ചെയ്യുന്നതെന്ന് അഡ്വക്കേറ്റ് പ്രതീഷ്പ്രഭ പറഞ്ഞു. ദേശാഭിമാനി പിന്നീട് തിരുത്തിയത് അംഗീകരിക്കാനാവില്ലെന്നും നീതി ലഭിക്കുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും മറിയക്കുട്ടി പറഞ്ഞു.