കണ്ണൂർ: ഖാദി ബോർഡിൽ ജോലി ചെയ്തിരുന്ന കെ.കെ നിഷയെ പുറത്താക്കിയ വിഷയവുമായി ബന്ധപ്പെട്ട് വന്ന കോടതി വിധിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നടത്തുന്നതെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്.
നിഷയ്ക്ക് ആനുകൂല്യം നൽകാൻ കോടതി വിധിച്ചപ്പോൾ അത് മറ്റ് ജീവനക്കാരെ ബാധിക്കും എന്നാണ് പി ജയരാജൻ പറയുന്നത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്നത് ലജ്ജാകരമാണ്. സ്ത്രീത്വത്തെ അവഹേളിക്കുന്ന പ്രസ്താവനയാണ് പി ജയരാജൻ നടത്തുന്നത്. ആനുകൂല്യം നൽകാൻ കാശില്ലെന്ന് പറയുന്ന പി ജയരാജന് 35 ലക്ഷത്തിന്‍റെ പുത്തൻ കാർ വാങ്ങാൻ ഒരു തടസവും ഉണ്ടായില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഖാദി ബോർഡിലെ താൽക്കാലിക ഒഴിവിൽ 2013 ൽ നിയമിക്കപ്പെട്ട യുവതിയെ കോൺഗ്രസ്കാരിയാണെന്നു പറഞ്ഞ് പിരിച്ചുവിടുകയായിരുന്നു. കുറ്റ്യാട്ടൂർ സ്വദേശിയായ കെ.കെ നിഷയെ 2017 ലാണ് പിരിച്ചു വിട്ടത്. തുടർന്ന് ലേബർ കോടതിയിൽ കേസിന് പോയി ജോലിയിൽ തിരിച്ചെടുക്കാനുള്ള വിധി നേടിയെങ്കിലും ഖാദി ബോർഡ് ജോലിയിൽ തിരിച്ചെടുത്തില്ല. ജോലിയിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ ഉത്തരവ് വന്ന ദിവസം മുതലുള്ള ശമ്പളം നൽകണമെന്നും വിധിയിൽ പറഞ്ഞിരുന്നു. അതിനുശേഷം ഹൈക്കോടതിയിൽ പോവുകയും അവിടെയും ജീവനക്കാരിക്ക് അനുകൂലമായി സിംഗിൾ ബഞ്ചിന്‍റെ വിധി ഉണ്ടാവുകയും ചെയ്തു. നാല് ലക്ഷത്തിലധികം രൂപയാണ് ഇതുവരെ ശമ്പളമായി ഖാദി ബോർഡ് നിഷയ്ക്ക് നൽകാനുള്ളത്. ഖാദി ബോർഡ് നഷ്ടത്തിലാണെന്നും ശമ്പളം നൽകാൻ കഴിയില്ലെന്നും പറഞ്ഞപ്പോൾ റവന്യു റിക്കവറി നടത്തി നിഷയ്ക്ക് ശമ്പളം നൽകാൻ കോടതി നിർദേശിച്ചിരുന്നു.
ഇതൊന്നും നടക്കാതെയായപ്പോൾ 2020 ലെ ലേബർ കോടതി വിധിയും ഇപ്പോഴുള്ള ഹൈക്കോടതി വിധിയും ചൂണ്ടിക്കാട്ടി, നിഷ ഖാദി ബോർഡ് വൈസ്ചെയർമാൻ പി ജയരാജനെ കണ്ടു സംസാരിച്ചു. എന്നാൽ ആദ്യം കാണാൻ വിസമ്മതിച്ച ജയരാജൻ പിന്നീട് തന്‍റെ ആവശ്യം ഉന്നയിച്ച നിഷയെ അപമാനിക്കുകയായിരുന്നു. നിഷ കോൺഗ്രസുകാരി ആണെന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ആദ്യം ജോലിയിൽ കയറിയതെന്നും ജയരാജൻ ആക്ഷേപിച്ചതായി നിഷ പറയുന്നു. കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ നിഷയ്ക്ക് മറ്റൊരു ജോലിക്ക് പോകാനും കഴിയില്ല. മൂത്ത മകളുടെ വിവാഹം നടത്തിയതിലെ കടബാധ്യതയും ഇളയ മകളുടെ പഠന ചെലവുകളുമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് നിഷ.