
ഡല്‍ഹി രാംലീല മൈതാനത്തിന് സമീപമുള്ള അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹി ഉദ്യോഗസ്ഥരുടെ നടപടി സംഘര്‍ഷത്തില്‍ കലാശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ തുര്‍ക്ക്മാന്‍ ഗേറ്റിലെ സയ്യിദ് ഫൈസ് എലാഹി പള്ളിക്കും ശ്മശാനത്തിനും സമീപമുള്ള ഭൂമിയില്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കല്ലേറില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി 17 ബുള്‍ഡോസറുകളുമായാണ് എംസിഡി അധികൃതര്‍ സ്ഥലത്തെത്തിയത്. ആളുകള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പുലര്‍ച്ചെയായിരുന്നു നടപടി. എന്നാല്‍ ഒഴിപ്പിക്കല്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ പോലീസിനും ഉദ്യോഗസ്ഥര്‍ക്കും നേരെ ശക്തമായ കല്ലേറ് നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിലവില്‍ പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണെന്നും അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിസിപി നിധിന്‍ വാള്‍സന്‍ അറിയിച്ചു.
കോടതി ഉത്തരവും നിയമപോരാട്ടവും
തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപത്തെ രാംലീല മൈതാനത്തെ 38,940 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അനധികൃത കയ്യേറ്റങ്ങള്‍ മൂന്ന് മാസത്തിനകം ഒഴിപ്പിക്കാന്‍ 2025 നവംബറിലാണ് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. റോഡിന്റെ ഭാഗങ്ങള്‍, കാല്‍നടപ്പാതകള്‍, പാര്‍ക്കിംഗ് ഏരിയ, ഒരു സ്വകാര്യ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നിവ കയ്യേറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. പള്ളി സ്ഥിതി ചെയ്യുന്ന 0.195 ഏക്കര്‍ ഭൂമിക്ക് അപ്പുറമുള്ള നിര്‍മ്മാണങ്ങള്‍ക്ക് ഉടമസ്ഥാവകാശ രേഖകളില്ലെന്ന് എംസിഡി കോടതിയെ അറിയിച്ചിരുന്നു. 1940-ലെ പാട്ടക്കരാര്‍ പ്രകാരമുള്ള ഭൂമിക്ക് പുറത്തുള്ള ഭാഗങ്ങളാണ് പൊളിച്ചുനീക്കുന്നത്.
ജനുവരി 4-ന് തന്നെ എംസിഡി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കയ്യേറ്റങ്ങള്‍ അടയാളപ്പെടുത്തിയിരുന്നു. ഇതിനെതിരെ പള്ളി അധികൃതര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര നഗരവികസന മന്ത്രാലയം, വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എങ്കിലും കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.