ന്യൂഡല്‍ഹി : വടക്ക് കിഴക്കന്‍ ഡൽഹിയിലെ കലാപത്തിൽ മരണം 38 ആയി. കലാപത്തിന് നേരിയ ശമനം വന്നിട്ടുണ്ടെങ്കിലും സംഘർഷ സാധ്യത ഇപ്പോഴും നിലനിൽക്കുന്നതിനാൽ അതീവ സുരക്ഷയിലാണ് കലാപ മേഖലകൾ. വെള്ളിയാഴ്ച ദിവസം കൂടി ആയതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. കേന്ദ്ര സേനയും, അർധ സൈനിക വിഭാഗവും, ഡൽഹി പോലീസും ഇന്നും ഫ്ളാഗ് മാർച്ചുകൾ നടത്തും.
കേന്ദ്ര സേനയെ വിന്യസിച്ച ശേഷം അനിഷ്ട സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നു. നിരോധനാജ്ഞ നേരത്തെ പിൻവലിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും. ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി വിവിധ മത നേതാക്കളുമായി ചർച്ച നടത്തുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. മത നേതാക്കളുടെ നേതൃത്വത്തിൽ സമാധാനയോഗങ്ങൾ വിളിക്കാനും നിർദ്ദേശം നൽകും.
അതേസമയം കലാപം ഡല്‍ഹി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. രണ്ട് ഡി.സി.പിമാരുടെ കീഴിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ ഇതിനായി നിയമിച്ചിട്ടുള്ളത്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. കലാപത്തിൽ തകർന്നടിഞ്ഞ വടക്ക് കിഴക്കൻ ഡൽഹിയുടെ പുനരധിവാസം എത്രയും വേഗം തുടങ്ങേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് പഠന ഉപകരങ്ങൾ എത്തിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കും എന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി.
അതിനിടെ അപകടത്തിൽ ഗുരുതര പരുക്കുകളുമായി പലരും ആശുപത്രികളിൽ തുടരുകയാണ്. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ച പലരുടെയും മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാൻ ഉണ്ട്. കലാപ മേഖലയിൽ നിന്നും കാണാതായവരെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു.