അഭിഭാഷകരെ അറസ്റ്റ് ചെയ്യണം ; ഡല്‍ഹിയില്‍ പൊലീസുകാര്‍ പണിമുടക്കി ; അസാധാരണ പ്രതിസന്ധി

Jaihind Webdesk
Tuesday, November 5, 2019

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പൊലീസുകാരുടെ പ്രതിഷേധ സമരം. പണിമുടക്കി കറുത്ത റിബണ്‍ ധരിച്ച് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി സമരം നടത്തുകയാണ് പൊലീസുകാര്‍. കഴിഞ്ഞ ദിവസം കോടതി വളപ്പില്‍ വെച്ച് പൊലീസിനെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതോടെ ഡല്‍ഹി പൊലീസില്‍ അസാധാരണ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സ്ഥലത്തെത്തി, അക്രമം നടത്തിയ അഭിഭാഷകരെ അറസ്റ്റ് ചെയ്യുമെന്ന് സംബന്ധിച്ച് ഉറപ്പ് നല്‍കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സമരക്കാര്‍ അറിയിച്ചു. സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ അത് ചെവിക്കൊണ്ടില്ല.

കഴിഞ്ഞദിവസം ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ വെച്ച് പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അഭിഭാഷകര്‍ പൊലീസുകാരെ മര്‍ദിക്കുകയും ചെയ്തിരുന്നു. അക്രമം നടത്തിയ അഭിഭാഷകര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസുകാരുടെ സമരം. ഇത്ര സമയമായിട്ടും ആക്രമണം നടത്തിയ അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുകയാണെന്നും സമരക്കാര്‍ ആരോപിക്കുന്നു.