ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് അറിയിപ്പ്. ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങാനും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചിരുന്നു.
പൊടിക്കാറ്റിനൊപ്പം ശക്തമായ കാറ്റ് തോട്ടങ്ങൾ, പൂന്തോട്ടങ്ങൾ, വിളകൾ എന്നിവയ്ക്ക് നാശമുണ്ടാക്കുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ദുർബലമായ കെട്ടിടങ്ങള്‍ക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. പുൽവീടുകളും കുടിലുകളും തകരുമെന്നും അധികം കനമില്ലാത്ത വസ്തുക്കൾ പറന്നുപോകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ടോടെ ഡല്‍ഹിയിൽ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് 9 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിനു പിന്നാലെയാണ് ശക്തമായ കാറ്റ് വീശുമെന്നുള്ള മുന്നറിയിപ്പ് കൂടി വന്നിരിക്കുന്നത്. ഡല്‍ഹിക്ക് പുറമെ ഗാസിയാബാദ്, ഇന്ദിരാപുരം, ഛപ്രോല, നോയിഡ, ദാദ്രി, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും അതിശക്തമായി കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്.