ഇ.ഐ.എ കരട് വിജ്ഞാപനം പ്രാദേശികഭാഷകളില്‍ പ്രസിദ്ധീകരിച്ചില്ല ; കേന്ദ്രസര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്‍ഹി : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പാരിസ്ഥിതികാഘാത പഠനം സംബന്ധിച്ച കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. ഭരണഘടന അംഗീകരിച്ച 22 ഭാഷകളിലും വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ലംഘിച്ചതുകൊണ്ടാണ് കേന്ദ്രസർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചത്.

പ്രാദേശിക ഭാഷകളിലെല്ലാം കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന നിർദേശം ഉണ്ടായിരുന്നിട്ടും ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായിരുന്നു പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ജൂണ്‍ 30 മുതല്‍ 10 ദിവസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ പ്രാദേശിക ഭാഷകളില്‍ വിജ്ഞാപനം പുറത്തിറക്കാന്‍ കേന്ദ്രം തയാറാകാതെ കോടതി നിർദേശം അവഗണിക്കുകയായിരുന്നു.

അതേസമയം വിജ്ഞാപനത്തിനെ കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം ഇന്നാണ്. ചൊവ്വാഴ്ച വൈകുന്നേരം വരെ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം പുറത്തിറക്കുക. മാര്‍ച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയാറാക്കിയത്. ഏപ്രില്‍ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്. നിലവില്‍ നാലര ലക്ഷത്തിലധികം കത്തുകളാണ് ഇ.ഐ.എയില്‍ ഇതുവരെ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്.  അതേസമയം കേരളത്തിന്‍റെ നിലപാട് അറിയിക്കാന്‍ അവസാന ദിവസം വരെ കാത്തിരുന്നതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ കാണാതെയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി വലിയ അപകടം വിളിച്ചുവരുത്തുന്നതാണെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. ഡല്‍ഹിയിൽ പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ ഇ.ഐഎ കരട് വിജ്ഞാപനത്തിനെതിരെ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.

Comments (0)
Add Comment