നമോ ടി.വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

Jaihind Webdesk
Sunday, May 12, 2019

പെരുമാറ്റച്ചട്ടലംഘനത്തിന് ബി.ജെ.പിയുടെ ഉടമസ്ഥതയിലുള്ള നമോ ടി.വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. പരസ്യപ്രചാരണത്തിന്‍റെ സമയം അവസാനിച്ചിട്ടും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടി സംപ്രേഷണം ചെയ്തതിനാണ് നോട്ടീസ്. ഡല്‍ഹിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് നോട്ടീസ് നല്‍കിയത്.

ഇന്നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. 7 ലോക്സഭാ മണ്ഡലങ്ങളിലെ 1.43 കോടി വോട്ടര്‍മാര്‍ ഇന്ന് സമ്മിതിദാനാവകാശം വിനിയോഗിക്കും. വെള്ളിയാഴ്ച മുതല്‍ പരസ്യപ്രചാരണങ്ങള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. പരസ്യപ്രചാരണത്തിന് വിലക്ക് നിലനില്‍ക്കെ നമോ ടി.വിയിലൂടെ തെരഞ്ഞെടുപ്പ് പരിപാടി സംപ്രേഷണം ചെയ്തതിലാണ് നോട്ടീസ് നല്‍കിയത്.

മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഉള്ള പരിപാടികള്‍ മാത്രമേ സംപ്രേഷണം ചെയ്യാന്‍ പാടുള്ളൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം മറികടന്നാണ് നമോ ടി.വിയിലൂടെ തെരഞ്ഞെടുപ്പ് പരിപാടികള്‍ സംപ്രേഷണം ചെയ്തത്.