ഒാടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അമ്മയും രണ്ടു പെണ്മക്കളും വെന്തുമരിച്ചു. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവും ഒരു മകളും രക്ഷപ്പെട്ടു. അഞ്ജന മിശ്ര (34), മക്കളായ രിഥി (2), നിക്കി (5) എന്നിവരാണ് മരിച്ചത്.
ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പിന്‍വശത്ത് തീപടരുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ഉപേന്ദര്‍ മിശ്ര മുന്‍സീറ്റിലുണ്ടായിരുന്ന മൂന്ന് വയസ്സുകാരിയായ മകളെയും കൊണ്ട് പുറത്തുചാടി. പിന് സീറ്റിലായിരുന്ന അജ്ഞന മിശ്രയ്ക്കു ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഡോറിന്റെ ചില്ലു പൊട്ടിച്ച് ഭാര്യയെയും മക്കളെയും രക്ഷപ്പെടുത്താനുള്ള ഉപേന്ദറിന്റെ ശ്രമവും ഫലം കണ്ടില്ല. അഞ്ജനയും രണ്ടു കുട്ടികളും കാറിനുള്ളില്‍ കുടുങ്ങി അഗ്നിക്കിരയായി. മൂന്നു പേരുടെയും ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞുപോയി.
Delhi: Three people died after a car they were travelling in caught fire on a flyover near Yamuna Bank Depot earlier today. pic.twitter.com/ZxRW6Kr0Iw
— ANI (@ANI) March 10, 2019
കിഴക്കന്‍ ഡല്‍ഹിയില്‍ യമുന ബാങ്ക് ഡിപ്പോയ്ക്ക് സമീപം അക്ഷര്‍ധാം മേല്‍പ്പാലത്തില്‍ ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. അക്ഷര്‍ധാം ക്ഷേത്രത്തിന്റെ ഭാഗത്തേക്കു പോകുമ്പോഴാണ് കാറിനു തീപിടിച്ചത്. കാറിന്റെ സിഎന്‍ജി കിറ്റിനുണ്ടായ തകരാറാണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. പൊലീസ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
അതിവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന മേല്‍പ്പാലത്തില്‍ കുടുംബത്തിന്റെ ജീവന് രക്ഷിക്കാനായി അലറിവിളിച്ചെങ്കിലും ഒരാള്‍ പോലും വാഹനം നിര്‍ത്താന്‍ തയാറായില്ലെന്ന് ഉപേന്ദര്‍ പറഞ്ഞു. പിന്നീടെത്തിയ ചിലര്‍ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും ആളിപ്പടര്‍ന്ന തീയില്‍ മൂവരേയും ഉപേന്ദ്രയ്ക്ക് കണ്മുന്നില് നഷ്ടമായി. അഗ്നിശമന സേന എത്തി തീയണക്കുമ്പോഴേക്കും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ അഞ്ജനയും മക്കളും അഗ്നിക്കിരയായിരുന്നു. കണ്മുന്നില് ഭാര്യയും കുഞ്ഞുങ്ങളും വെന്തെരിയുന്നത് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്നതിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മുക്തനാകാന്‍ ഉപേന്ദറിനായിട്ടില്ല.
ഗാസിയാബാദിലെ ലോണിയില്‍ താമസിക്കുന്ന കുടുംബം കല്‍ക്കാജി ക്ഷേത്രത്തിലേക്കു പോയതാണ്. തിരിച്ചുവരുമ്പോള്‍ അക്ഷര്‍ധാം ക്ഷേത്രം കാണണമെന്നു കുട്ടികള്‍ വാശിപിടിച്ചു. പെട്ടെന്ന് കാര്‍ തിരിച്ച് അവിടേയ്ക്കു പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ഉപേന്ദര്‍ പറഞ്ഞു.