
മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ശുദ്ധവായു ലഭിക്കണമെന്ന് സമാധാനപരമായി ആവശ്യപ്പെട്ട് വന്ന പൗരന്മാരെ സര്‍ക്കാര്‍ കുറ്റവാളികളെപ്പോലെ പരിഗണിക്കുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. ശുദ്ധവായു ലഭിക്കാനുള്ള അവകാശം ഒരു അടിസ്ഥാന മനുഷ്യാവകാശമാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നുവെന്നും വോട്ട് ചോറിയിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ പോലും ശ്രമിക്കുന്നില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഡല്‍ഹിയിലെ വായു പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ വിമര്‍ശിച്ചത്.
വായു മലിനീകരണം കോടിക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്നു, ഇത് നമ്മുടെ കുട്ടികളെയും നമ്മുടെ രാജ്യത്തിന്റെ ഭാവിയെയും ദോഷകരമായി ബാധിക്കുന്നു. എന്നാല്‍ വോട്ട് ചോറിയിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഇത് കാര്യമാക്കുന്നില്ല, ഈ പ്രതിസന്ധി പരിഹരിക്കാന്‍ പോലും ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരിസ്ഥിതി പ്രവര്‍ത്തകനായ വിംലേന്ദു ഝയുടെ ഒരു പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം പരാമര്‍ശിച്ചത്. വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനെതിരെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധിച്ച നിരവധി പേരെ അനുമതിയില്ലാതെ ഒത്തുകൂടിയതിനിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, കരുതല്‍ തടങ്കലുകള്‍ മാത്രമായിരുന്നുവെന്നും ജന്തര്‍ മന്തറില്‍ മാത്രമേ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ അനുമതിയുള്ളൂവെന്നും നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് അനുമതി തേടാമെന്നും ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു.