പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എത്തുമോ എന്ന് ഇന്നറിയാം

Jaihind News Bureau
Saturday, May 11, 2019

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന് അറിയാം. ഇന്ന് നടക്കുന്ന വൈദ്യ പരിശോധന അനുകൂലമായാൽ നിയന്ത്രണങ്ങളോടെ രാമചന്ദ്രന് പൂരം എഴുന്നള്ളത്തിൽ പങ്കെടുക്കാം. ഇന്നലെ ചേർന്ന നാട്ടാന നിരീക്ഷണ സമിതി യോഗമാണ് ഇത്തരത്തിലൊരു തീരുമാമെടുത്തത്.

ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പുരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് അനുകൂല തീരുമാനമായത്. ഇതിനായി ഇന്ന് മൂന്നംഗ ഡോക്ടർമാരുടെ സംഘം ഇന്ന് രാമചന്ദ്രനെ പരിശോധിക്കും. പരിശോധന ഫലം അനുകൂലമെങ്കിൽ നിയന്ത്രണങ്ങളോടെ രാമചന്ദ്രന് പുരത്തിന്റെ വിളംബര ചടങ്ങിൽ പങ്കെടുക്കാമെന്ന് ജില്ലാ കളക്ടർ അദ്ധ്യക്ഷയായ നാട്ടാന നിരീക്ഷണ സമിതി യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച്ച രാവിലെ ഒൻപത് മണിമുതൽ പത്ത് മുപ്പത് വരെയുള്ള സമയമാണ് എഴുന്നള്ളിപ്പിനായി അനുവദിച്ചത്. ജനങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിച്ച ശേഷമേ ആനയെ എഴുന്നളളിക്കുകയുള്ളു. ആനയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആനയുടെ ഉടമയായ തെച്ചിക്കോട്ട്കാവ് ദേവസ്വം ഈ കാര്യത്തിൽ രേഖാമൂലം ഉറപ്പ് നൽകുകയും വേണം. തെച്ചി ക്കോട്ട് രാമചന്ദ്രന്റെ വിലക്ക് വിലക്ക് നീക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇടപെടാതിരുന്നതോടെയാണ് നാട്ടാന നിരീക്ഷണസമിതി യോഗം അടിയന്തിര യോഗം ചേർന്ന് തീരുമാനമെടുത്തത്.