ഗൂഗിളിൽ തിരഞ്ഞത് മരണാനന്തര ജീവിതം; ബ്ലാക്ക് മാജിക്കെന്ന് സംശയം, മരിച്ച മൂന്ന് പേരുടെയും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

Jaihind Webdesk
Tuesday, April 2, 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെയും സുഹൃത്തുക്കളായ ദമ്പതികളെയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തില്‍ മരിച്ചവരുടെ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനം. മൂന്ന് പേരുടെയും സമൂഹ മാധ്യമങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന്  പോലീസ് അറിയിച്ചു. മരിച്ചവര്‍ ബ്ലാക്ക് മാജിക്ക് കെണിയില്‍ വീണെന്നാണ് സംശയം.

സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പ് മാത്രമാണ് മൃതദേഹത്തിന് അരികില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. മൂവരുടെയും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളാണ് ഉള്ളത്. മുറിവുകളിൽ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. അരുണാചലിലെ ഇറ്റാനഗറിലുള്ള ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു ആര്യ.  ആര്യയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ആര്യയെ മാത്രമല്ല കൂട്ട മരണത്തിന്‍റെ വിവരങ്ങളാണ് പുറത്ത് വന്നത്. മൂന്ന് പേരും ബ്ലാക്ക് മാജിക് വലയിൽ വീണുപോയതായി സംശയിക്കുന്നെന്നാണ് ബന്ധുക്കൾ പറയുന്നു.