പോലീസുകാർ ഷോക്കേറ്റ് മരിച്ചത് പന്നിക്കെണിയില്‍ നിന്ന്; കെണി വെച്ചയാള്‍ അറസ്റ്റില്‍

Jaihind Webdesk
Friday, May 20, 2022

പാലക്കാട്: പോലീസുകാർ ഷോക്കേറ്റ് മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെെദ്യുതി കെണി വെച്ചയാളാണ് അറസ്റ്റിലായത്. പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം താമസിക്കുന്ന സുരേഷാണ് അറസ്റ്റിലായത്. അറസ്റ്റിലായ സുരേഷിനെതിരെ ഐപിസി 304, തെളിവ് നശിപ്പിച്ചതിന് ഐപിസി 201 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഷോക്കേറ്റ പൊലീസുകാരെ കെെവണ്ടിയിൽ കയറ്റി മാറ്റിയിട്ടത് സുരേഷ് തന്നെയാണന്ന് പാലക്കാട് എസ്.പി വ്യക്തമാക്കി.

കഴി‍ഞ്ഞ ദിവസം രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് പേരുടേയും ശരീരത്തിൽ പൊള്ളലേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.

പന്നിക്ക് വേണ്ടി വയലിൽ വൈദ്യുതിക്കെണി വെക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവർ സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നുവെന്നും രാവിലെ വന്നുനോക്കിയപ്പോഴാണ് രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് എന്നും ഇവർ മൊഴി നൽകി. ഉടൻ തന്നെ ഉടൻ വൈദ്യുതി കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹം കൊണ്ടുപോയിട്ടുവെന്നുമാണ് പ്രതിയായ സുരേഷ് മൊഴി നൽകിയിരിക്കുന്നത്.