ഇടുക്കിയിലെ ഭൂപ്രശ്നം : മുഖ്യമന്ത്രിക്ക് ഡീന്‍ കുര്യാക്കോസ് എം.പിയുടെ തുറന്ന കത്ത്

Jaihind News Bureau
Tuesday, November 3, 2020

 

ഇടുക്കി: 1964, 1993 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയുക, ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ഡീന്‍ കുര്യാക്കോസ് എം.പിയുടെ തുറന്ന കത്ത്. ഇടുക്കിയൊഴികെയുള്ള എല്ലാ ജില്ലകളിലും 1964, 1993 വർഷങ്ങളിലെ നിയമങ്ങൾ അനുസരിച്ച് പട്ടയം ലഭിച്ച ഭൂമിയിൽ വാണിജ്യ ആവശ്യത്തിനുള്ള നിർമാണത്തിന് സർക്കാർ അനുമതി നൽകുന്നുണ്ട്. അവിടെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് നിയമസംരക്ഷണവും ലഭിക്കും. ഇങ്ങനെ മറ്റ് ജില്ലകൾക്കൊന്നും ബാധകമല്ലാത്ത നിയമം ഇടുക്കിയിൽ മാത്രം അടിച്ചേൽപ്പിച്ച് നിർമാണ വിലക്ക് നടപ്പാക്കിയ സർക്കാർ നടപടി ജില്ലയോടുള്ള വിവേചനമാണെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല.  ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

സർക്കാർ ഭൂമി കൈയേറിയുള്ള അനധികൃത നിർമ്മാണങ്ങൾ തടയാൻ ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. ഈ നിയമങ്ങൾ നടപ്പിലാക്കിയാൽ ഇവ തടയാൻ കഴിയും. ഇതിന് തയ്യാറാകാതെ കയ്യേറ്റക്കാരെ സഹായിക്കാൻ ജില്ലയിലെ ഭൂപ്രശ്നങ്ങൾ വഷളാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതുമൂലം കുടിയേറ്റകൃഷിക്കാർക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത്. ഈ നിലപാട് തിരുത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

’17/12/2019ൽ അങ്ങയുടെ അധ്യക്ഷതയിൽ കൂടിയ സർവകക്ഷിയോഗത്തിൽ ഇടുക്കി ജില്ലക്ക് മാത്രമായി പ്രത്യേക നിയമം നടപ്പിലാക്കുന്നതിനെ എല്ലാവരും എതിർക്കുകയുണ്ടായി. 1964, 1993 ഭൂമി പതിവ് ചട്ടങ്ങൾ അടിസ്ഥാന സൗകര്യവികസനത്തിന്‌ ഉതകും വിധം കാലോചിതമായി പരിഷ്കരിക്കുമെന്ന് ഉറപ്പും സർക്കാർ നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് പാലിക്കാതെ 8 വില്ലേജുകളിൽ മാത്രമായി നിയന്ത്രണമെർപ്പെടുത്തുകയാണ് സർക്കാർ ചെയ്തത്. ഇത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുകയും ഈ വില്ലേജിലെ ജനങ്ങൾ തങ്ങൾക്ക് മാത്രമായി പ്രത്യേക നിയമം നടപ്പിലാക്കുന്നതിലെ വിവേചനം ഹൈക്കോടതിയിൽ ചൂണ്ടികാണിക്കുകയും ബഹു കോടതി സർക്കാരിനെ വിമർശിച്ച് കേരളം മുഴുവൻ ഒരേ നിയമം ഒരേപോലെ നടപ്പിലാക്കാൻ ഉത്തരവിടുകയും ചെയ്തു.

പട്ടയവ്യവസ്ഥകൾ ഭേദഗതി ചെയുകയാണ് ഈ വിഷയം പരിഹരിക്കാനുള്ള ഏക പോംവഴി എന്നിരിക്കെ സംസ്ഥാന സർക്കാർ അതിന് തയാറാവാതെ ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റിഷൻ ഫയൽ ചെയ്തിരിക്കുകയാണ്. ഈ നിയമം ഇടുക്കിയിൽ മാത്രമായി നടപ്പിലാക്കണമെന്നാണ് സുപ്രീംകോടതിയിലെ സർക്കാരിന്റെ വാദം. ഇതിനെതിരെയാണ് ഞാൻ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിട്ടുള്ളത്. ആയതിനാൽ ഈ വിഷയങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണം’- ഡീന്‍ കുര്യാക്കോസ് എം.പി കുറിച്ചു.