കൊക്കയാറില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു ; ആന്‍സിക്കായി തെരച്ചില്‍ തുടരുന്നു

Jaihind Webdesk
Monday, October 18, 2021

ഇടുക്കി: കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍  കാണാതായ ഏഴാമത്തെ ആളുടെ മൃതദേഹവും കിട്ടി. കാണാതായ മൂന്നര വയസുകാരന്‍ സച്ചുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച തെരച്ചില്‍ സച്ചുവിനായി ഇന്ന് രാവിലെ മുതല്‍ വീണ്ടും തുടങ്ങുകയായിരുന്നു. പതിനൊന്നേ കാലോടെയാണ് സച്ചുവിന്‍റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വീട് ഇടിഞ്ഞ് കിടന്നിരുന്ന ഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം ഇതോടെ കണ്ടെത്തി. ഇനി കണ്ടെത്താനുള്ളത് കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയാണ്.

കുത്തിയൊലിച്ചെത്തിയ പാറയും വെള്ളം കൊക്കയാറില്‍ ഏഴ് വീടുകളാണ് തകർത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ബന്ധുവിന്റെ വിവാഹത്തിന് എത്തിയ ഫൗസിയ മക്കളായ അമീന്‍ (10) അംന (7) സഹോദരന്റെ മക്കളായ അഫ്‌സാന, അഫിയാന,
ചിറയിൽ ഷാജി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കിട്ടിയത്. ചിറയിൽ ഷാജിയുടെ മൃതദേഹം ഒഴുക്കില്‍പ്പെട്ട നിലയിൽ മണിമലയാറ്റിൽ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്. ദുരന്തത്തിനിടെ മകനെ രക്ഷിക്കാൻ സാധിച്ചെങ്കിലും ഷാജിക്ക് രക്ഷപെടാൻ സാധിച്ചില്ല.