ശബരിമല : നിലപാട് മാറ്റത്തിൽ പ്രതിഷേധം ഭയന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റും അംഗങ്ങളും മുങ്ങി

Jaihind Webdesk
Thursday, February 7, 2019

Ettumanoor-Temple-Devasom-Board

ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തിൽ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറും അംഗങ്ങളും പരിപാടി ഉപേക്ഷിച്ചു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റൽ ചടങ്ങിൽ നിന്നാണ് പ്രസിഡൻറ് എ പത്മകുമാറും അംഗങ്ങളായ കെ പി ശങ്കർദാസ്, എൻ വിജയകുമാർ എന്നിവരും വിട്ടു നിന്നത്. കോട്ടയത്തെത്തിയ ബോർഡ് അംഗങ്ങൾ ഇരുവരും ചടങ്ങിന് തൊട്ടു മുമ്പാണ് മടങ്ങിയത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടിൽ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ഇതേ തുടർന്നാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റൽ ചടങ്ങിൽ നിന്ന് ബോർഡ് പ്രസിഡൻറും അംഗങ്ങളും വിട്ടുനിന്നത്. കൊടിയേറ്റിന് ശേഷമുള്ള സാംസ്കാരിക പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു പ്രസിഡന്റ് എ പത്മകുമാർ. എന്നാൽ ഇന്ന് രാവിലെ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് പ്രസിഡന്റ് അറിയിക്കുകയായിരുന്നു. ബോർഡ് അംഗങ്ങളായ കെ.പി ശങ്കർ ദാസും, എൻ വിജയകുമാറും തൊട്ടു പിന്നാലെ പരിപാടിയിൽ നിന്ന് പിൻമാറി

കോട്ടയത്ത് എത്തിയ ശേഷമാണ് ബോർഡ് അംഗങ്ങൾ ഇരുവരും ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങിയത്. ക്ഷേത്രത്തിലെത്തിയാൽ അയ്യപ്പ കർമ്മ സമിതി പ്രവർത്തകർ പ്രതിഷേധിക്കുമെന്ന് വിവരം ലഭിച്ചതോടെയായിരുന്നു പിന്മാറ്റം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ഏറ്റുമാനൂരിൽ ആദ്യമായാണ് ദേവസ്വം പ്രതിനിധികളുടെ അസാന്നിധ്യത്തിൽ കൊടിയേറ്റൽ ചടങ്ങ് നടന്നത്. അതേ സമയം കോട്ടയത്തെ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ അയ്യപ്പ കർമസമിതി പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയേറ്റിന് എല്ലാ വര്‍ഷവും ദേവസ്വം പ്രസിഡന്‍റ് അടക്കമുള്ളവര്‍ പങ്കെടുക്കാറുള്ളതാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇത്തവണ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അംഗങ്ങളായ കെ.പി ശങ്കരദാസ്, എന്‍.വിജയകുമാര്‍ എന്നിവരെ ക്ഷണിച്ചു. എന്നാല്‍ ഇന്നലെ സുപ്രീംകോടതിയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ് നിലപാട് അറിയിച്ച സാഹചര്യത്തിലാണ് ഒരുകൂട്ടം വിശ്വാസികള്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞതോടെ കൊടിയേറ്റിന് പങ്കെടുക്കേണ്ടെന്ന് ദേവസ്വം പ്രസിഡന്റ് അടക്കമുള്ളവര്‍ തീരുമാനിക്കുകയായിരുന്നു. മെമ്പര്‍മാര്‍ കോട്ടയത്ത് എത്തിയെങ്കിലും അവസാന നിമിഷം വരാന്‍ സാധിക്കില്ലെന്ന് ക്ഷേത്ര ഉപദേശക സമിതിയെ അറിയിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എത്താതിരുന്ന സാഹചര്യത്തില്‍ ക്ഷേത്ര ഉപദേശക സമിതി ചെയര്‍മാന്‍ പൊതു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കൊടിയിറക്കുന്ന ദിവസം എത്താന്‍ സാധിക്കാത്തതിനാലാണ് കൊടിയേറ്റ് ചടങ്ങ് ഉപേക്ഷിച്ചതെന്നാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ വിശദീകരണം.