ശബരിമല : പാർട്ടിയിലും സർക്കാരിലും ഭിന്നത, അനുനയ നീക്കത്തിന് ബോർഡ്

B.S. Shiju
Thursday, October 18, 2018

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തെ തുടർന്നുണ്ടായ സമരം അവസാനിപ്പിക്കാൻ ദേവസ്വം ബോർഡ് ഊർജ്ജിത നീക്കം തുടങ്ങി. വിഷയം കൈകാര്യം ചെയ്ത സർക്കാരിന്‍റെ സമീപനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലടക്കം വിമർശനമുയർന്നിരുന്നു. ഇതോടെയാണ് വിഷയത്തിൽ നിലപാട് മയപ്പെടുത്താൻ ദേവസ്വം ബോർഡിന് സർക്കാരിന്‍റെ പച്ചക്കൊടി കിട്ടിയത്. അതിനു ശേഷം മാധ്യമങ്ങൾക്ക് മുമ്പിലെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ ശബരിമലയിൽ പ്രശ്‌നപരിഹാരത്തിനു വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന സന്ദേശമാണ് നൽകിയത്. നാളെ നടക്കുന്ന നിർണായക ബോർഡ് യോഗത്തിൽ പുനഃപരിശോധന ഹർജിയിലടക്കം തീരുമാനമെടുത്തേക്കും.

ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതി വിധി വന്നതു മുതൽ അതിനെ പിന്തുണയ്ക്കുന്ന സി.പി.എം അതിനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ഇതിനെതിരെ വിശ്വാസസമൂഹം പ്രതികരിച്ചതോടെ രാഷ്ട്രീയ വിശദീകരണം യോഗം നടത്തി സി.പി.എം ഇതിനെ മറികടക്കാൻ ശ്രമിച്ചിരുന്നു. പ്രക്ഷോഭങ്ങളെ എതിർത്തും കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങൾ സൂചിപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയനും പത്രസമ്മേളനം നടത്തിയിരുന്നു. എന്നിട്ടും കാര്യങ്ങൾ ഫലപ്രദമായി ജനങ്ങൾക്ക് മുമ്പിൽ വിശദീകരിക്കുന്നതിൽ സർക്കാരും സി.പി.എമ്മും പരാജയപ്പെട്ടു. ഇതിനിടെ രണ്ടു ദിവസമായി ശബരിമലയിൽ യുവതീപ്രവേശനത്തെ ചൊല്ലി നടക്കുന്ന സമരപ്രതിഷേധങ്ങൾ അതിരുവിട്ടതോടെ വിഷയം എത്രയും വേഗം സമവായത്തിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

ശബരിമലയിൽ നടന്ന പൊലീസ് നടപടിയിലും സി.പി.എമ്മിൽ അമർഷമുണ്ട്. വിഷയത്തിൽ കൂടുതൽ പ്രകോപനമുണ്ടാക്കരുതെന്ന നിർദ്ദേശവും സി.പി.എം സർക്കാരിന് നൽകിയിട്ടുണ്ട്.

സുപ്രീം കോടതി വിധിയിൽ ഭൂരിഭാഗം വിശ്വാസികളും എതിരായ സാഹചര്യത്തിൽ വിഷയം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാർ പ്രതിരോധത്തിലായേക്കുമെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്. ഇതിനു പുറമേ ഇടതുമുന്നണിയിലെ ഘടകകക്ഷികളും ശബരിമലയിലെ പ്രക്ഷോഭത്തിൽ തൃപ്തരല്ല. ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ ഭൂരിപക്ഷ സമുദായങ്ങളെ അകറ്റുന്ന നിലപാടിലേക്ക് സർക്കാർ കടക്കുന്നത് അത്ര നല്ലതാവില്ലെന്ന സി.പി.എമ്മിന്‍റെ പുനരാലോചനയും സമവായ നീക്കം ഊർജ്ജിതപ്പെടുത്തും.