ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം ; മന്‍സൂർ വധക്കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹത

Jaihind Webdesk
Sunday, April 11, 2021

കണ്ണർ : പാനൂർ മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണത്തിൽ ദുരൂഹത.  പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ദുരൂഹത സംബന്ധിച്ച സൂചനയുള്ളത്. രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. മൻസൂർ കൊലപാതക കേസിൽ തെളിവുകൾ പുറത്തു വരാതിരിക്കാൻ സിപിഎം കൊലപ്പെടുത്തിയതാണെന്ന പ്രതിപക്ഷത്തിന് ആരോപണത്തിന് ശക്തി പകരുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിന് പിന്നാലെ  പ്രതിയെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ വടകര റൂറൽ എസ്.പി പരിശോധന നടത്തി. അർധരാത്രിയോടെയാണ് എസ്.പി സ്ഥലത്തെത്തി പരിശോധന നടത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുമായി  ഡിവൈഎസ്പി കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്. മൻസൂർ വധക്കേസ് അന്വേഷിക്കുന്ന സംഘവും രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ചെക്യാട് എത്തും.

പാനൂർ മൻസൂർ കൊലപാതക കേസിലെ രണ്ടാം പ്രതിയായ രതീഷിനെ കഴിഞ്ഞദിവസമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപ്പെടുത്തി കെട്ടിത്തൂക്കിയതായി സംശയിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്ക് ശക്തിപകരുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പുറത്തു പരിക്കുകൾ കാണാൻ ഇല്ല. ബലം പ്രയോഗിച്ച് ശ്വാസം മുട്ടിച്ചതാണെന്നതാണ് സംശയം. മന്‍സൂർ വധം ആസൂത്രിതമാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പിന്നാലെ പ്രതിയുടെ മരണത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശം ദുരൂഹത വർധിപ്പിക്കുന്നതാണ്. രമന്‍സൂർ വധക്കേസില്‍ വഴിത്തിരിവാകുന്നതാവും പുതിയ സംഭവവികാസങ്ങള്‍.