രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം : പ്രതിദിന കേസുകള്‍ ഒന്നര ലക്ഷം കവിഞ്ഞു

Jaihind Webdesk
Sunday, January 9, 2022

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ 1,59,377 പേർക്കാണ് വൈറസ്  സ്ഥിരീകരിച്ചത്. കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ പതിമൂന്ന് ശതമാനത്തിന്‍റെ  വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നത്. വെറും രണ്ട് ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലെത്തിയത്. ഇന്നലെ നൂറിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 41,434 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. തത്ക്കാലം വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നില്ലെന്ന് മുംബയ് മേയർ പറഞ്ഞു.

ഡൽഹിയിൽ ഇന്നലെ 20,181 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ 750 പേർ ഡോക്ടർമാരാണ്. ഡൽഹിയിലെ ആറ് പ്രധാന ആശുപത്രികളിലെ ഡോക്ടർമാർക്കാണ് രോഗം ബാധിച്ചത്. നൂറിലധികം നഴ്‌സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു.