രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചു; വിസി ഗവർണർക്ക് അയച്ച കത്ത് പുറത്ത്

Saturday, January 8, 2022

തിരുവനന്തപുരം : രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചെന്ന് വ്യക്തമാക്കി കേരള സര്‍വകലാശാല
വൈസ് ചാൻസിലർ എഴുതിയ കത്ത് പുറത്ത്. ഇക്കാര്യത്തിൽ സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ഗവർണറുടെ ശുപാർശ അംഗങ്ങള്‍ നിഷേധിച്ചെന്നുമാണ് വിസിയുടെ കത്തില്‍ പറയുന്നത്.

ഡി ലിറ്റ് ശുപാർശ സിൻഡിക്കേറ്റ് തള്ളിയെന്ന് ഡിസംബര്‍ ഏഴിന് വിസി ഡോ. വി.പി മഹാദേവന്‍ പിള്ളയാണ്‌ ഗവർണറെ കത്തിലൂടെ അറിയിച്ചത്. രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് വിസി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. സ്വന്തം കൈപ്പടയില്‍ ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലാണ് കത്ത് എഴുതിയിരിക്കുന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അത് നിഷേധിച്ചെന്നാണ് വിസിയുടെ കത്തില്‍ പറയുന്നത്.

എന്നാൽ ഔദ്യോഗികമായി സിൻഡിക്കേറ്റ് യോഗമോ കൂടിയാലോചനകളോ നടത്തിയിട്ടില്ല എന്നും വിശദീകരണം പുറത്തുവരുണ്ട്. സിൻഡിക്കേറ്റ് അംഗങ്ങൾ ഗവർണറുടെ ശുപാർശ തളളി എന്ന രീതിയിലേക്ക് ആണ് കാര്യങ്ങൾ നീങ്ങുന്നത്. അതേസമയം ഡി ലിറ്റ് ശുപാർശ സർക്കാർ തള്ളിയോഎന്ന കാര്യത്തിൽ ഗവർണർ മറുപടി പറയുന്നില്ല. ചാൻസലര്‍ സ്ഥാനത്ത് തുടരാൻ കഴിയാത്ത അതീവ ഗുരുതര സാഹചര്യമാണ് കേരളത്തിലുള്ളത്. ഒരു നിലയ്ക്കും തുടരാനാവാത്ത ഗുരുതര സംഭവങ്ങൾ ഉണ്ടായപ്പോഴാണ് സ്ഥാനമൊഴിയേണ്ടി വന്നതെന്നുമാണ് നേരത്തെ ഗവർണർ വിശദീകരിച്ചിരുന്നത്.

വിസി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ്‌ ചാന്‍സിലര്‍ പദവി ഒഴിയുകയാണെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. സർവകാലശാലകളിലെ തീരുമാനങ്ങളിലെ രാഷ്ട്രീയ ഇടപെടലിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ഗവർണർ വിമർശനം ഉന്നയിച്ചത്.