‘ശോഭനയെ സംഘിയാക്കിയാല്‍ ശോഭനയ്ക്ക് ഒന്നുമില്ല, സംഘികള്‍ക്ക് ഗുണം ചെയ്യുമെന്ന് മാത്രം’; സൈബർ ആക്രമണത്തില്‍ ശാരദക്കുട്ടി

Jaihind Webdesk
Thursday, January 4, 2024

 

ശോഭനയ്ക്കെതിരായ സൈബർ ആക്രമണത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. തൃശൂരിൽ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ ശോഭന അടക്കമുള്ളവർക്കെതിരെ സൈബർ ആക്രമണം ശക്തമായത്. മുമ്പ് സംസ്ഥാന സർക്കാറിന്‍റെ കേരളീയം പരിപാടിയിലും ശോഭന പങ്കെടുത്തിരുന്നു. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ സംസ്ഥാന സർക്കാരിനെതിരെ പിച്ചച്ചട്ടിയുമായി സമരം നടത്തിയ മറിയക്കുട്ടിക്കെതിരെയും ഇടതു സൈബർ ആക്രമണം ശക്തമാണ്.

ശോഭനയെ പിന്തുണച്ചും എതിർത്തും സാമൂഹ്യമാധ്യമങ്ങളില്‍ വാക്പോരാട്ടം തുടരുന്നതിനിടെ വിഷയത്തില്‍ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഇടതു സൈബർ ആക്രമണത്തിനെതിരെയാണ് ശാരദക്കുട്ടിയുടെ പോസ്റ്റ്. രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയിൽ കിട്ടുന്ന വേദി ആയി മാത്രമാണ് ശോഭന ഇത്തരം അവസരങ്ങളെ കാണുന്നത്. നൃത്തവും സിനിമയുമല്ലാതെ രാഷ്ട്രീയമുള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങള്‍ ശോഭന ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ലെന്ന് ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നു. മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവർ പറയും. രാഷ്ട്രീയ ബോധത്തിൽ അതാണ് അവരുടെ നിലയെന്നും അത് നിലപാടല്ലെന്നും കുറിപ്പില്‍ പറയുന്നു. ശോഭനയെ സംഘിയാക്കിയാൽ ശോഭനയ്ക്കൊന്നുമില്ലെന്നും സംഘികൾക്കതു ഗുണം ചെയ്യുമെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

 

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

നൃത്തവും സിനിമയും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശോഭന ഇന്നു വരെ സംസാരിച്ചു കേട്ടിട്ടില്ല. നീണ്ട അഭിമുഖങ്ങളിൽ പോലും അവർ കലാജീവിതമല്ലാതെ വ്യക്തിപരമായതൊന്നും വെളിപ്പെടുത്താറില്ല. മറ്റൊന്നും അവർ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല.

അവരുടെ വേദികൾ, രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയിൽ കിട്ടുന്ന വേദി ആയി മാത്രമാണ് അവർ കാണുന്നത്. നവകേരളസദസ്സിന്റെ ഭാഗമായ കേരളീയത്തെയും മോദി വേദിയെയും അവർ ഒരു പോലെ കാണുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയ അജ്ഞതയാണത്. മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവർ പറയും. രാഷ്ട്രീയ ബോധത്തിൽ അതാണ് അവരുടെ നില . നില മാത്രമാണത്. നിലപാടല്ല.

നാളെ ഗവർണ്ണറുടെ വേദിയിലും കോൺഗ്രസിന്റെ വേദിയിലും അവരെത്തും. അവരുടെ നിലക്കൊത്ത ചെലവുകൾ വഹിക്കാൻ സംഘാടകർ തയ്യാറെങ്കിൽ . എഴുതിക്കൊണ്ടുവന്ന പ്രസംഗം അവർ തപ്പിയും തടഞ്ഞും വായിക്കും. അവരുടെ സംഘി ചായ്വ് എന്നൊക്കെ ഇതിനെ പെരുപ്പിച്ചാലും അവരിത് അറിയാനോ ശ്രദ്ധിക്കാനോ പോകുന്നില്ല. ശ്രദ്ധിച്ചാലും പതിവ് i dnt care ഭാവമായിരിക്കും അവരുടേത്. എന്നെ ഒന്നും ബാധിക്കില്ല എന്നൊരു മട്ട് ആ സ്വയംപ്രഖ്യാപിത ഇരിപ്പിലും നടപ്പിലുമുണ്ട്.
മല്ലികാ സാരാഭായ് യെ പോലെയാ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന.
BJP സമ്മേളനത്തിൽ പങ്കെടുക്കില്ല എന്ന തീരുമാനമെടുക്കാൻ മാത്രമൊന്നുമുള്ള രാഷ്ട്രീയബോധമില്ലാത്ത ഒരാളെ കുറിച്ചും അവർ വായിച്ചു തീർത്ത ഒരു കുറിപ്പിനെ കുറിച്ചും ഇത്ര ബേജാറാകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ശോഭനയെ സംഘിയാക്കിയാൽ ശോഭനക്കൊന്നുമില്ല, സംഘികൾക്കതു ഗുണം ചെയ്യുമെന്നു മാത്രം.