ഈന്തപ്പഴം വിതരണം : സർക്കാരിനോട് വിശദീകരണ തേടി കസ്റ്റംസ്; വിശദാംശങ്ങള്‍ തേടി സാമൂഹ്യ നീതി വകുപ്പിന് നോട്ടീസ്‌

Jaihind News Bureau
Sunday, September 20, 2020

യുഎഇ കോണ്‍സുലേറ്റ് സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ വിതരണം ചെയ്ത ഈന്തപ്പഴത്തിന്‍റെ കണക്ക് ആവശ്യപ്പെട്ട് കസ്റ്റംസ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. ഇതേതുടര്‍ന്ന് 2017 മുതല്‍ വിതരണം ചെയ്ത ഈന്തപ്പഴത്തിന്‍റെ കണക്ക് സാമൂഹ്യക്ഷേമ വകുപ്പ് ശേഖരിച്ചു തുടങ്ങി.

2017ലാണ് സംസ്ഥാനത്തെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുളള അനാഥാലയങ്ങളില്‍ ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യുഎഇ കോണ്‍സുലേറ്റ് തുടക്കം കുറിച്ചത്. കസ്റ്റംസിന്‍റെ കണ്ടെത്തൽ അനുസരിച്ച് ഇതിന്‍റെ തുടര്‍ച്ചയായി 17,000 കിലോ ഈന്തപ്പഴം സംസ്ഥാനത്തേക്ക് നയതന്ത്ര മാര്‍ഗത്തിലൂടെ നികുതി ഒഴിവാക്കി യുഎഇയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. ഇങ്ങനെ ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനാഥാലയങ്ങളില്‍ എത്തിയിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്.

സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ അനാഥാലയങ്ങളില്‍ വിതരണത്തിനായി എത്തിച്ച ഈന്തപ്പഴത്തിന്‍റെ തൂക്കത്തെ കുറിച്ചടക്കമുളള വിവരങ്ങള്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റംസ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് സാമൂഹ്യക്ഷേമ വകുപ്പ് കണക്കെടുപ്പ് തുടങ്ങി. ഈന്തപ്പഴ വിതരണത്തിന്‍റെ കണക്ക് ലഭ്യമാക്കണമെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് സെക്രട്ടറി നിര്‍ദേശം നല്‍കി. നേരത്തെ ഖുറാന്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്നും വിശദീകരണം തേടിയിരുന്നു.