മന്ത്രി കെ.റ്റി ജലീൽ ഉൾപ്പെട്ട മതഗ്രന്ഥ വിതരണ വിവാദത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസിന്‍റെ നോട്ടീസ്

Jaihind News Bureau
Wednesday, August 12, 2020

യു.എ.ഇ കോൺസുലേറ്റിൽ നിന്ന് പാഴ്സലായി എത്തിയ മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസിന്‍റെ സമൻസ്. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘമാണ് സമൻസ് അയച്ചത്. രണ്ടു വർഷത്തിനിടെ യുഎഇ കോൺസുലേറ്റിൽ എത്തിയ പാഴ്സലുകളെ കുറിച്ച് വ്യക്തത തേടിയാണ് സമൻസ് നൽകിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്‍റെ ഭാഗമായാണ് യുഎഇ കോൺസുലേറ്റിൽ കഴിഞ്ഞകാലങ്ങളിൽ എത്തിയ പാഴ്സലുകൾ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം നടത്തി വന്നിരുന്നത്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ മതഗ്രന്ഥം പാഴ്സലായി വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കാണ് കസ്റ്റംസ് സമൻസ് അയച്ചത്. രണ്ടുവർഷത്തിനിടെ കോൺസുലേറ്റിൽ എത്ര പാഴ്സലുകൾ എത്തി, ഇതിന് മുൻകൂറായി അപേക്ഷകൾ ലഭിച്ചിരുന്നോ, മറ്റ് ഇളവുകൾ നൽകിയിരുന്നോ എന്നീ കാര്യങ്ങളിലാണ് വിശദീകരണം തേടിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിൽ യുഎഇ കോൺസുലേറ്റിലെത്തിയ നയതന്ത്ര പാഴ്സലുകളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ഇവ മതഗ്രന്ഥങ്ങൾ ആയിരുന്നുവെന്ന് അധികൃതർ വിശദീകരിച്ചിരുന്നു. മതഗ്രന്ഥങ്ങൾ ആണ് വന്നതെന്നും ഇത് പിന്നീട് സി ആപ്റ്റിന്‍റെ നേതൃത്വത്തിൽ വിതരണം ചെയ്തെന്ന് മന്ത്രി കെ.ടി ജലീൽ വ്യക്തമാക്കുകയും ചെയ്തു.

മന്ത്രിയുടെയും അധികൃതരുടെയും വിശദീകരണത്തിൽ വ്യക്തത ഇല്ലെന്നാണ് കസ്റ്റംസിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനു വേണ്ടി സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് അയച്ചിരിക്കുന്നത്. അപേക്ഷകൾ ലഭിച്ചിരുന്നെങ്കിൽ ഈ രേഖകളും ഇരുപതാം തീയതിക്ക് മുമ്പായി ഹാജരാകാനാണ് നിർദേശം. മതഗ്രന്ഥങ്ങൾ നയതന്ത്ര ബാഗ് വഴി ഇറക്കുമതി ചെയ്യാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന കാര്യവും മുൻ നിർത്തിയാണ് സംഭവത്തിൽ വിശദമായ അന്വേഷണം കസ്റ്റംസ് നടത്തുന്നത്.