ഇടുക്കിയിൽ വീണ്ടും ലോക്കപ്പ് മർദനം; അടിമാലി സ്വദേശിയ്ക്ക് കട്ടപ്പന പോലീസ് സ്റ്റേഷനില്‍ ക്രൂര പീഡനം

Jaihind News Bureau
Thursday, August 22, 2019

ഇടുക്കിയിൽ വീണ്ടും ലോക്കപ്പ് മർദനം. കട്ടപ്പന പോലീസ് സ്റ്റേഷനിലാണ് അടിമാലി സ്വദേശിയെ എസ്‌ഐ ക്രൂരമായി മർദിച്ചത്. ഗുരുതരാവസ്ഥയിൽ സണ്ണി തോമസിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അടിമാലി തോക്കു പാറ സ്വദേശിയായ സണ്ണി തോമസിനെയാണ് കട്ടപ്പന എസ്‌ഐ ക്രൂരമായി മർദിച്ചത്. ഇയാൾ ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. കട്ടപ്പനക്ക് സമീപമുള്ള പശു പാറയിലാണ് ഇയാളുടെ ഭാര്യ വീട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി തന്‍റെ മൂന്ന് മക്കളുമായി മടങ്ങി വരും വഴി കട്ടപ്പന എസ്‌ഐ കൈ കാണിച്ചിട്ടും വാഹനം കുറച്ചകലെ മാറ്റി നിർത്തിയതാണ് എസ്ഐയെ പ്രകോപിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. അഞ്ചും ഏഴും ഒൻപതും വയസുള്ള കുട്ടികളുടെ മുന്നിൽ വച്ചും മർദനം തുടർന്നു. മജിസ്ട്രേറ്റിന് മുന്നിൽ തന്നെ മർദ്ദിച്ച വിവരം പറഞ്ഞതിനും ജയിലിൽ കൊണ്ടു പോകും വഴിയും മർദ്ദനം തുടർന്നു. ബന്ധുക്കൾ സണ്ണിയെ പീരുമേട് ജയിലിൽ കാണാനെത്തിയപ്പോൾ ആശുപത്രിയിൽ പരിശോധനക്ക് കൊണ്ടുപോയതായി ജയിലധികൃതർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയതായി തെളിഞ്ഞത്. ഗുരുതര മർദ്ദനമാണ് സണ്ണി തോമസിന് ഏറ്റതെന്ന് ബന്ധുക്കൾ പറയുന്നു. ക്രൂരമായി മർദനമേറ്റ സണ്ണി തോമസിന് വിദഗ്ദ ചികിത്സ വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.