കസ്റ്റഡി മരണ കേസ്: സഞ്ജീവ് ഭട്ടിന്റെ ഹര്‍ജി സുപ്രീം കോടതി തളളി

Jaihind News Bureau
Tuesday, April 29, 2025

ജീവപര്യന്തം തടവ് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നുള്ള മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി. 1990ല്‍ ഗുജറാത്തില്‍ എഡിജിപി ആയിരിക്കെ നടന്ന കസ്റ്റഡി മരണ കേസിലാണ് നടപടി. അപ്പീലില്‍ വാദം കേള്‍ക്കാനുള്ള നടപടി വേഗത്തില്‍ ആക്കാനും സുപ്രിം കോടതി നിര്‍ദേശം നല്‍കി. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് പൊലീസ് കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെ ഏഴ് പേരാണ് കേസില്‍ പ്രതികളായത്.

മുറിയില്‍ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം സഞ്ജീവ് ഭട്ടിന് 20 വര്‍ഷം തടവ് വിധിച്ചിരുന്നു. സഞ്ജീവ് ഭട്ട് ബനസ്‌ക്കന്ധ എസ്പിയായിരുന്നപ്പോള്‍ 1996-ലുണ്ടായ സംഭവമാണ് കേസിനാനാധാരം. രാജസ്ഥാനിലെ അഭിഭാഷകനായ സുമേര്‍സിങ് രാജ്പുരോഹിതിനെ മയക്കുമരുന്നു കേസില്‍പ്പെടുത്തിയെന്നാണ് കേസ്. പാലന്‍പൂരില്‍ അഭിഭാഷകന്‍ താമസിച്ച മുറിയില്‍ 1.15 കിലോ കഞ്ചാവ് ഒളിപ്പിച്ചുവെച്ച ശേഷം അറസ്റ്റ് ചെയ്തുവെന്നാണ് ആരോപണം. രാജസ്ഥാനിലെ പാലിയില്‍ ഒരു തര്‍ക്ക വസ്തുവിലുള്ള അവകാശം സുമേര്‍സിങ് ഉപേക്ഷിക്കുന്നതിനാണ് ഇത് ചെയ്തതെന്നാണ് ആരോപണം. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷത്തിലാണ് സഞ്ജീവ് ഭട്ടിനെ 2018ല്‍ അറസ്റ്റ് ചെയ്തത്. ഇതിനിടെ ജംജോധ്പൂരിലെ കസ്റ്റഡി മരണക്കേസില്‍ ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ട് തെളിവ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെയുള്ള കേസുകള്‍ സജീവമാക്കിയത്. 20 വര്‍ഷത്തിന് ശേഷമാണ് മയക്കുമരുന്ന് കേസില്‍ ഗുജറാത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവായത്. ഹര്‍ജിക്കാരനായ പൊലീസ് ഇന്‍സ്പെക്ടര്‍ ഐ.ബി വ്യാസ് ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. പിന്നീട് ഭട്ടിനെതിരെ മൊഴിനല്‍കി മാപ്പുസാക്ഷിയായി.