കുസാറ്റ് അപകടം; മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി രണ്ട് വിദ്യാർത്ഥിനികൾ

Jaihind Webdesk
Tuesday, December 5, 2023

കൊച്ചി: കുസാറ്റ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനികൾ ആശുപത്രി വിട്ടു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി ഷേബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി വിനോദ് എന്നിവരാണ് ചൊവ്വാഴ്ച ആശുപത്രിവിട്ടത്. എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.

മികച്ച ചികിത്സയാണ് തങ്ങളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നതെന്ന്  ഷേബയും ഗീതാഞ്ജലിയും പറഞ്ഞു. നവംബർ 25ന് കുസാറ്റിലെ ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു അങ്കമാലി എസ്‌.സി.എം.എസ് കോളജ് വിദ്യാർഥിനിയായ ഷേബക്കും കുസാറ്റിലെ മൂന്നാം സെമസ്റ്റർ ഇലക്ട്രോണിക്സ് വിദ്യാർഥിനിയായ ഗീതാഞ്ജലിക്കും പരിക്കേറ്റത്. ചവിട്ടേറ്റതിനെ തുടർന്ന് ശ്വാസകോശത്തിലും കരളിലും ഗുരുതര പരിക്കുകളുണ്ടായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ വെന്‍റിലേറ്ററിലായിരുന്നു ഇരുവരും. തുടർന്ന്  ആരോഗ്യനിലയിൽ പുരോഗതി കണ്ടു തുടങ്ങിയതോടെ മുറിയിലേക്ക് മാറ്റുകയായിരുന്നു.