മഞ്ഞ ജേഴ്സിയിൽ സഞ്ജു തരംഗം; ഹൃദയം കവർന്ന് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ലോഞ്ച് വീഡിയോ

Jaihind News Bureau
Sunday, March 1, 2026

മഞ്ഞപ്പടയുടെ തട്ടകത്തില്‍ പുതിയൊരു യുഗത്തിന് തുടക്കമാകുന്നു. ഐപിഎല്‍ 19ാം പതിപ്പിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ പുതിയ ജേഴ്‌സി പുറത്തിറക്കി. ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ടീം പുറത്തിറക്കിയ ലോഞ്ചിംഗ് വീഡിയോയില്‍, ഇത്തവണ ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണുള്ള ‘സ്‌പെഷ്യല്‍ ബില്‍ഡ് അപ്പാണ്’ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് 18 കോടി രൂപയ്ക്ക് ചെന്നൈ പാളയത്തിലെത്തിയ സഞ്ജുവിനെ വരവേല്‍ക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ചെന്നൈ ആരാധകര്‍.

സിനിമാറ്റിക് ശൈലിയില്‍ ഒരുക്കിയ ജേഴ്‌സി ലോഞ്ച് വീഡിയോയില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദാണ് സഞ്ജു സാംസണായി കിടിലന്‍ ബില്‍ഡ് അപ്പ് നല്‍കുന്നത്. ചെന്നൈ ടീം ഹോട്ടലില്‍ നിന്ന് ജേഴ്‌സി മോഷണം പോകുന്നതും എം.എസ്. ധോണി അത് തിരികെ എത്തിക്കുന്നതുമാണ് വീഡിയോയുടെ പ്രമേയം. വീഡിയോയില്‍ ഒരു മുറിക്ക് മുന്നിലെത്തുമ്പോള്‍ മിണ്ടാതിരിക്കാന്‍ ഋതുരാജ് സഹതാരങ്ങളോട് പറയുന്നുണ്ട്. അകത്ത് ആരാണെന്ന ചോദ്യത്തിന് ‘എന്റെ സുഹൃത്തുക്കള്‍’ എന്നാണ് മറുപടി. കേരളത്തിന്റെ അടയാളമായ നെറ്റിപ്പട്ടവും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ആ മുറി സഞ്ജു സാംസണുള്ള റഫറന്‍സാണെന്ന് ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

കഴിഞ്ഞ സീസണിലെ നിരാശപ്പെടുത്തിയ പ്രകടനത്തിന് ശേഷം വലിയ മാറ്റങ്ങളുമായാണ് സി.എസ്.കെ എത്തുന്നത്. സൂപ്പര്‍ താരം രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനല്‍കിയാണ് 18 കോടി രൂപയ്ക്ക് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. നിലവില്‍ ട്വന്റി20 ലോകകപ്പ് തിരക്കുകളിലായതിനാല്‍ സഞ്ജു ടീം ക്യാമ്പില്‍ ചേര്‍ന്നിട്ടില്ല. കഴിഞ്ഞ ദിവസം ചെപ്പോക്കില്‍ നടന്ന സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് ലഭിച്ച വന്‍ സ്വീകരണം താരം ചെന്നൈ ജേഴ്‌സിയില്‍ ഇറങ്ങുന്നതിനായുള്ള ആരാധകരുടെ കാത്തിരിപ്പിന്റെ തെളിവാണ്.

ഐക്കണിക് ആയ ‘കാനറി യെല്ലോ’ നിറത്തില്‍ അത്യാധുനിക ഡിസൈനുകള്‍ സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ജേഴ്‌സി. മുന്‍ഭാഗത്ത് പ്രധാന സ്‌പോണ്‍സറായ ‘ഇത്തിഹാദ് എയര്‍വേയ്‌സി’ന്റെ ലോഗോയുണ്ട്. ഇന്ത്യന്‍ സായുധ സേനയോടുള്ള ആദരസൂചകമായി 2021 മുതല്‍ തുടരുന്ന ‘ക്യാമഫ്‌ലേജ്’ സ്ട്രിപ്പുകള്‍ ഇത്തവണയും തോളിലുണ്ട്. വേനല്‍ക്കാലത്തെ ചൂടിനെ പ്രതിരോധിക്കാന്‍ ‘മോയിസ്ചര്‍ വിക്കിംഗ്’ സാങ്കേതികവിദ്യയുള്ള പുനരുപയോഗം ചെയ്ത പോളിസ്റ്റര്‍ തുണിത്തരമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.