രാജ്യം കേഴുന്നു, പ്രധാനമന്ത്രിക്ക് ആ കണ്ണീര് കാണാന്‍ സമയമില്ല: പി.ചിദംബരം എം.പി

 

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടുന്നുവെന്ന പ്രഖ്യാപനത്തിനപ്പുറം പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ പുതുതായി എന്താണുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എം.പി. ലോക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാധാരണക്കാര്‍ ഇപ്പോഴും ദുരിതത്തിലാണ്. ലോക്ഡൗണ്‍ നീട്ടുമ്പോഴും അവരുടെ ഉപജീവനമാര്‍ഗത്തേയും നിലനില്‍പ്പിനെയുമൊന്നും  സര്‍ക്കാര്‍ ഇപ്പോഴും പരിഗണിക്കുന്നില്ല. മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ട പണത്തെക്കുറിച്ച് ഇതുവരെ ഒരു പ്രതികരണവുമുണ്ടായിട്ടില്ല. സാധാരണക്കാര്‍ ഇനി 19 ദിവസത്തോളം ഭക്ഷണമുള്‍പ്പടെ സ്വയം കണ്ടത്തേണ്ടിയിരിക്കുന്നു. പണമോ ഭക്ഷണമോ സര്‍ക്കാര്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. രാജ്യം കേഴുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ രാജ്യത്ത് മെയ് 3 വരെ ലോക്ഡൗണ്‍ നീട്ടി. നിയന്ത്രണം കര്‍ശനമായി തുടരുമെന്നും എല്ലാവരും സഹകരിക്കണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഹോട്ട്‌സ്‌പോട്ടുകളില്‍ അതീവജാഗ്രത തുടരും. അവശ്യസേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. ഇളവുകള്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കും. സ്ഥിതി മോശമായാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കും.

 

Comments (0)
Add Comment