ശബരിമലയില്‍ തിരക്കേറുന്നു; ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു

ശബരിമല: ഈ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു
ഡിസംബര്‍ ഒന്നാം വാരം വരെ ദിനംപ്രതി ശരാശരി എണ്‍പതിനായിരത്തോളം ഭക്തന്മാരാണ് ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ രണ്ടാം വാരമായതോടെ ഭക്തരുടെ എണ്ണം ക്രമേണ വര്‍ധിച്ചു വരുകയാണ്. ഡിസംബര്‍ 9 ന് 1,07,695 പേരാണ് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്ക് ചെയ്തിരുന്നത്. പത്താം തീയതിയും ഒരു ലക്ഷത്തിനടുത്താണ് ബുക്കിംഗ്. വരും ദിവസങ്ങളിലും തിരക്ക് ഇതുപോലെ തുടരാനാണ് സാധ്യതയെന്ന് അധികൃതര്‍ വിലയരുത്തുന്നു.

തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പ്രത്യേക ജാഗ്രതയിലാണ് സന്നിധാനം. ഓരോ വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. തിരക്ക് കൂടുമ്പോള്‍ പമ്പമുതല്‍ സന്നിധാനം വരെ ഘട്ടം ഘട്ടമായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയാണ് ദര്‍ശനം സജ്ജമാക്കുന്നത്.സന്നിധാനത്തേക്കുള്ള പ്രധാന പാതയില്‍ നിന്നും വഴിതിരിഞ്ഞ് അയ്യപ്പഭക്തര്‍ വനത്തിലൂടെ നടക്കുന്ന സാഹചര്യം ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും ഇത് അപകടം വിളിച്ചുവരുത്തുന്ന കാര്യമാണെന്നും ശബരിമല പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. ഇക്കാര്യം നിയന്ത്രിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കെ.എസ്.ആര്‍.ടി.സിയും തിരക്ക് കൈകാര്യം ചെയ്യാന്‍ സജ്ജമാണ്. നിലവില്‍ 200 ല്‍ അധികം ബസുകള്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിനായി ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 189 ബസുകളാണ് സര്‍വീസ് നടത്തിയത്. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു

Comments (0)
Add Comment