സി.പി.എം യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനം ; ഗത്യന്തരമില്ലാതെ വിശ്വസ്തനെ കയ്യൊഴിഞ്ഞ് പിണറായി

തിരുവനന്തപുരം : വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനം. വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാനായില്ലെന്നും വിമർശനം ഉയർന്നു. സ്വർണ്ണക്കടത്ത് വിവാദം സർക്കാരിന്‍റെ പ്രതിഛായക്ക് ഏറ്റ തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി.

ശിവശങ്കരനെ നിയന്ത്രിക്കുന്നതിൽ വീഴ്ച വന്നുവെന്നും വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും വിമർശനം ഉയർന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നും ആവശ്യമുയർന്നു. അതേസമയം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പൂർണ്ണമായും കൈവിടുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. തന്‍റെ വിശ്വസ്തന്‍ കൂടിയായ ശിവശങ്കറിന്‍റെ വീഴ്ചകൾ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി യോഗത്തിൽ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കറിന്‍റെ ഇടപെടലുകൾ നിരീക്ഷിക്കാനായില്ലെന്നും വിമർശനമുയർന്നു.

സ്വർണ്ണക്കടത്തിലെ പ്രതി സ്വപ്നയുമായുള്ള ബന്ധത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ശിവശങ്കറെ നീക്കിയ ശേഷം ഒൻപതാം ദിവസമാണ് സസ്പെൻഷൻ. ചീഫ് സെക്രട്ടറി തല അന്വേഷണം പ്രഖ്യാപിച്ചതിന് അഞ്ചാം ദിവസമാണ് സസ്പെന്‍ഷന്‍ നടപടിയുണ്ടായത്. നടപടി ഇത്രയും നീണ്ടുപോകരുതായിരുന്നുവെന്ന് മുന്നണിക്കുള്ളിലും പാർട്ടിയില്‍ തന്നെയും അഭിപ്രായമുണ്ട്. ഇത് സർക്കാരിനെ കൂടുതല്‍ സമ്മർദ്ദത്തിലാക്കുന്നുണ്ട്. സസ്പെന്‍ഷന്‍, പൊലീസ് അന്വേഷണം തുടങ്ങിയ കാര്യങ്ങളെല്ലാം വൈകിപ്പിച്ചത് സർക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി എന്നും വിമർശനമുണ്ട്. വലിയ സമ്മർദ്ദങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിക്ക് തന്‍റെ വിശ്വസ്തനെ കയ്യൊഴിയേണ്ടിവന്നത്.

Comments (0)
Add Comment