യുപിയില്‍ കുറ്റവാളികൾ അഴിഞ്ഞാടുന്നു ; സർക്കാർ നിലപാട് അക്രമികള്‍ക്ക് പൂർണധൈര്യം നല്‍കുന്നത് : പ്രിയങ്ക ഗാന്ധി

Jaihind News Bureau
Tuesday, October 13, 2020

 

ഉത്തർപ്രദേശിൽ കുറ്റവാളികൾ അഴിഞ്ഞാടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം വീട്ടില്‍ ഉറങ്ങിക്കിടന്ന മൂന്ന് പെണ്‍കുട്ടികളുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന യുപി സർക്കാരിന്‍റെ നിലപാട് സംസ്ഥാനത്തൊട്ടാകെ കുറ്റവാളികൾക്ക് പൂർണധൈര്യം നൽകിയിരിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

17 ഉം 10 ഉം 8 ഉം വയസുള്ള പെണ്‍കുട്ടികളുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്. ഗോണ്ട ജില്ലയിലെ പര്‍സപുരിലാണ് സംഭവം. പെണ്‍കുട്ടികളുടെ കരച്ചിൽ കേട്ട് ഓടി എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടുവെന്ന് പെണ്‍കുട്ടികളുടെ പിതാവ് പ്രതികരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾ അപകടനില തരണം ചെയ്തു എന്ന് പൊലീസ് പറഞ്ഞു. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.