ജിഷ്ണുവിന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്; പോലീസിനെ രക്ഷിക്കാനുള്ള നീക്കമെന്ന് ബന്ധുക്കള്‍

 

കോഴിക്കോട് : നല്ലളം സ്വദേശി ജിഷ്ണുവിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്. വീഴ്ചയിലുണ്ടായ മുറിവും ക്ഷതവുമാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികത ഇല്ലാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഒരാഴ്ചക്കുള്ളിൽ രാസപരിശോധനാഫലവും വന്നതിന് ശേഷമാവും അന്തിമ തീരുമാനം. അതേസമയം പോലീസ് പ്രതിസ്ഥാനത്തുള്ള കേസില്‍ അവരെ സംരംക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഏപ്രില്‍ 26 ന് രാത്രിയാണ് ജിഷ്ണുവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട് നല്ലളം പോലീസ് ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടില്‍ എത്തിയതിന് പിന്നാലെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് മർദ്ദിച്ചതാവാം മരണകാരണമെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവം വിവാദമായതോടെ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പോലീസിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ക്രൈം ബ്രാഞ്ച് നടത്തുന്നതെന്ന് ജിഷ്ണുവിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.  മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

Comments (0)
Add Comment