
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള രാമന്തളിയിലെ മഹാത്മാ കള്‍ച്ചറല്‍ സെന്ററില്‍ സ്ഥാപിച്ചിരുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. വോട്ടെണ്ണലിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു എന്ന ആരോപണത്തിനിടയിലാണ് ഗാന്ധിപ്രതിമയുടെ നേര്‍ക്കുള്ള ഈ ആക്രമണം. സി.പി.എം. പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതിന് പിന്നിലെന്നാണ് പ്രധാന ആരോപണം. ഈ നടപടിക്കെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി.
കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് സംഭവത്തില്‍ സി.പി.എമ്മിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തി. സി.പി.എമ്മിന്റെ ഈ ‘ഗാന്ധിനിന്ദ’ ഗോഡ്സേ വാദികളെ പ്രീതിപ്പെടുത്താനാണോ എന്ന് അദ്ദേഹം ചോദിച്ചു. ഗാന്ധിപ്രതിമ വികൃതമാക്കിയ നടപടിയില്‍ സി.പി.എം. നിലപാട് വ്യക്തമാക്കണമെന്നും, ഗാന്ധിനിന്ദ നടത്തിയവരെ പാര്‍ട്ടി തള്ളിപ്പറയണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
സി.പി.എം. അക്രമം അരങ്ങേറിയ വിവിധ പ്രദേശങ്ങള്‍ ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് സന്ദര്‍ശിച്ചു. രാമന്തളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിച്ച വീടുകളും പാര്‍ട്ടി ഓഫീസുകളും അദ്ദേഹം സന്ദര്‍ശിച്ചു. കൂടാതെ, പാര്‍ട്ടി പ്രവര്‍ത്തകരുമായും നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി, ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.