
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിനെ ആകെ പ്രതികൂട്ടിലാക്കുന്നതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായ എന്‍ വാസുവിന്റെ അറസ്റ്റ്. ഒരു ഉദ്യോഗസ്ഥന്‍ എന്നതിന് അപ്പുറത്തേക്ക് സിപിഎമ്മിന്റെ മാനസപുത്രനാണ് എന്‍ വാസു. പല ഘട്ടങ്ങിലും വാസുവിന് പദവികള്‍ നല്‍കാന്‍ സിപിഎം ഒരിക്കലും മടി കാണിച്ചിട്ടില്ല.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ വാസു എന്ന വന്‍ മരത്തിന്‍രെ അറസ്റ്റോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിന്റെ പങ്ക് പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ തന്നെയാണ്. സിപിഎമ്മിന്റെ പോറ്റുമകനായ എന്‍ വാസുവിന്റെ അറസ്റ്റിന് പിന്നാലെ ഇനി ആര് എന്ന ചോദ്യം രാഷ്ട്രീയ കേരളം ചോദിക്കുകയാണ്. 2019ല്‍ സ്വര്‍ണക്കൊള്ള നടത്തിയതില്‍ ഗൂഢാലോചന വ്യക്തമായ കാര്യമാണ്. തങ്കത്തില്‍ പൊതിഞ്ഞതാണ് എന്നത് പരസ്യമായ കാര്യമായിട്ടും ശബരിമല ശ്രീകോവിലില്‍ നിന്ന് അഴിച്ചെടുത്ത പാളികള്‍ ചെമ്പെന്ന് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ എന്‍ വാസുരേഖപ്പെടുത്തി. ഇത് സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബുവും സുധീഷ് കുമാറും മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെയാണ് അന്ന് ദേവസ്വം കമ്മിഷണറായിരുന്ന വാസുവിലേക്ക് അന്വേഷണം എത്തിയത്.പക്ഷേ അപ്പോഴും അറസ്റ്റിലേക്ക് എത്താന്‍ അന്വേഷണ സംഘം വൈകി. വാസുവിനെ തൊടാന്‍ അന്വേഷണസംഘം ഭയന്നതും എസ്‌ഐടിയുടെ കൈകള്‍ സര്‍ക്കാര്‍ ബന്ധിച്ചത് കൊണ്ട് തന്നെയാവണം. എന്നാല്‍ ഇപ്പോഴുള്ള പൊടുന്നനെയുള്ള അറസ്റ്റ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നിര്‍ത്തി സര്‍ക്കാരിന്റെ രക്ഷപ്പെടല്‍ തന്തമാണ്. പക്ഷേ അപ്പോഴും ഉയരുന്ന ചോദ്യം സിപിഎമ്മിന് ഇതില്‍ നിന്ന് തലയൂരാനാകുമോ എന്നതാണ്. അഭിഭാഷകനായി തുടങ്ങിയ വാസു പിന്നീട് വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗമായി ജുഡീഷ്യറി പദവിയിലേക്ക് എത്തി. 2006 മുതല്‍ 2011 വരെ പികെ ഗുരുദാസന്‍ മന്ത്രി ആയിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും സിപിഎം നിയോഗിച്ചത് വാസുവിനെ ആയിരുന്നു. പിന്നാലെയാണ് ദേവസ്വം ബോര്‍ഡിലേക്കുളള വാസുവിന്റെ കടന്നുവരവ്. രണ്ടു തവണ ദേവസ്വം കമ്മിഷണറായി ദേവസ്വം ബോര്‍ഡ് വാസു അടക്കി ഭരിക്കുക ആയിരുന്നു. അതിന് സാഹയകമായത് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം തന്നെയാണ്.
ശബരിമലയില്‍ സ്ത്രീപ്രവേശനം ആകാമെന്ന് സുപ്രീം കോടതിയില്‍ പിണറായി സര്‍ക്കാരെടുത്ത നിലപാടിനോട് അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ വാസുവിനെ മുന്നില്‍ നിര്‍ത്തിയാണ് ബോര്‍ഡിലെ കാര്യങ്ങളെല്ലാം പിണറായി നിയന്ത്രിച്ചത്. ഇതിന്റെ പ്രത്യുപകാരമാണ് വാസുവിന് ലഭിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എന്നത് അന്ന് തന്നെ ചര്‍ച്ച ആയ സംഭവമാണ്. അതുകൊണ്ട് തന്നെയാണ് വാസുവിനെ കസേരയിട്ട് ഇരുത്തിയവര്‍ മൗനംപാലിക്കാതെ മറുപടി പറയണം എന്ന ആവശ്യം ഉയരുന്നതും.