സിപിഎം അഴിഞ്ഞാട്ടം ഉടനടി അവസാനിപ്പിക്കണം: സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Thursday, May 15, 2025

കണ്ണൂര്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ സുധാകരന്‍ എംപിയേയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ആക്രമിച്ച സിപിഎം ക്രിമിനല്‍ സംഘത്തിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സിപിഎം പ്രവര്‍ത്തകര്‍ക്ക് അഴിഞ്ഞാടാന്‍ പോലീസ് സൗകര്യമൊരുക്കി. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും തണലാണ് ഇവരുടെ ശക്തി. സിപിഎം അഴിഞ്ഞാട്ടം അടിയന്തരമായി അവസാനിപ്പിക്കണം.

യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീട്ടുപറമ്പില്‍ സ്ഥാപിച്ചിരുന്ന ഗാന്ധി സ്തൂപം തകര്‍ത്തതിന്റെ തുടര്‍ച്ചയായിട്ടാണ് അക്രമങ്ങള്‍ നടന്നത്. ഇതില്‍ പ്രതിഷേധിച്ചു നടന്ന സമാധാനയാത്രയെയാണ് സിപിഎം ആക്രമിച്ചത്. ബിജെപിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് സിപിഎം ഗാന്ധി സ്തൂപങ്ങളെ തകര്‍ക്കുന്നതും സമാധാനയാത്രകളെ ആക്രമിക്കുന്നതും. ഫാസിസത്തിന്റെ ഇരുവശങ്ങളാണ് സിപിഎമ്മും ബിജെപിയുമെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയുടെ ആശിര്‍വാദത്തോടെയാണ് സിപിഎം ക്രിമിനലുകളെ തീറ്റിപോറ്റുന്നത്. ഭരണത്തിന്റെ തണലില്‍ എന്തുമാകാമെന്ന് അഹന്തയാണ് സിപിഎമ്മിനെ നയിക്കുന്നത്. ഭീകരസംഘടനകളെ പോലെയാണ് സിപിഎം അക്രമം നാട്ടില്‍ വ്യാപിപ്പിക്കുന്നത്. സിപിഎമ്മിനെ തന്റേടത്തോടെ ഏക്കാലവും നേരിട്ട നേതാവാണ് കെ.സുധാകരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഎമ്മിനെതിരെ നിരന്തരം സംസാരിക്കുന്ന ശക്തമായ നാവും. അതുകൊണ്ട് തന്നെ കെ.സുധാകരനും രാഹുല്‍ മാങ്കൂട്ടത്തിലിനും എതിരായ ആക്രമണം സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് പ്രകടമാക്കുന്നത്. ഇരുവര്‍ക്കും എതിരായ ഈ അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അത് നടപ്പാക്കാന്‍ പോലീസ് ഒത്താശ ചെയ്തു. അതിനാലാണ് അക്രമികളായ സിപിഎമ്മുകാരെ തടയുന്നതിന് പകരം സമാധാനപരമായി പദയാത്രക്കെത്തിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചത്. സിപിഎം അക്രമങ്ങളെ പ്രതിരോധിച്ചാണ് കോണ്‍ഗ്രസ് പ്രത്യേകിച്ച് കണ്ണൂരില്‍ വളര്‍ന്നിട്ടുള്ളത്.
സിപിഎമ്മിന്റെ അക്രമവാസനയും അധികാര ധാര്‍ഷ്ട്യവും അവസാനിപ്പിക്കുന്നതിന് ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. സിപിഎമ്മിന്റെ ഗുണ്ടായിസം അവസാനിപ്പിക്കാന്‍ നിയമപരമായ പോരാട്ടം തുടരും. പ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും പാര്‍ട്ടി നല്കും. അവരോടൊപ്പം എപ്പോഴും ഉണ്ടായിരിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.