ബോണക്കാട് ഫാക്ടറിയില്‍ നിന്നും യന്ത്രഭാഗങ്ങള്‍ കടത്തി സിപിഎം പ്രവർത്തകർ; പ്രതികളെ സംരക്ഷിച്ച് പൊലീസ്; പ്രതിഷേധവുമായി കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, August 5, 2020

തിരുവനന്തപുരം: ബോണക്കാട് അടഞ്ഞുകിടക്കുന്ന മഹാവീർ പ്ലാന്‍റേഷന്‍ ഫാക്‌ടറിയില്‍ നിന്നും  ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന യന്ത്ര ഉപകരണങ്ങൾ  കടത്താൻ ശ്രമിച്ച സംഭവത്തില്‍ സിപിഎം പ്രവർത്തകരെ സംരക്ഷിക്കുന്ന നടപടിയുമായി പൊലീസ്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടും തുടർനടപടികള്‍ സ്വീകരിക്കാതെ ഒളിച്ചുകളിക്കുന്ന പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

പ്രതികളെ തൊണ്ടി മുതലും വാഹനത്തോടും കൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിടിച്ചിട്ടും ഇതുവരേയും അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണെന്നും സിപിഎമ്മില്‍ നിന്നും ഉന്നത ഇടപെടലുകള്‍ നടന്നുവെന്നും  കോണ്‍ഗ്രസ് ആരോപിച്ചു. വിതുര ജഴ്‌സി ഫാമിലെ താല്‍ക്കാലിക ഡ്രൈവര്‍ കൂടിയാണ് പ്രതികളില്‍ ഒരാള്‍. അവിടത്തെ വാഹനം പോലും മോഷണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.  എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കാലങ്ങളായി ബോണക്കാട് നടക്കുന്ന മോഷണങ്ങളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ എസ്.ജയപ്രകാശൻ നായർ, ജി.ഡി. ഷിബുരാജ് എന്നിവർ ആവശ്യപ്പെട്ടു.