പ്രളയബാധിതര്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍‌ സി.പി.എം നേതാവ് പൂഴ്ത്തി; സ്ഥലത്ത് പ്രതിഷേധം

Jaihind Webdesk
Sunday, September 2, 2018

മലപ്പുറം: പൊന്നാനിയിൽ പ്രളയബാധിതർക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യവസ്തുക്കൾ സി.പി.എം നേതാവിൻറെ വീട്ടിൽ പൂഴ്ത്തി വച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ വീട് വളഞ്ഞു. തുടര്‍ന്ന് പോലീസെത്തി സാധനങ്ങൾ കൗൺസിലറുടെ വീട്ടിലേക്ക് മാറ്റി.

പൊന്നാനി നഗരസഭയിലെ ഏഴാം വാർഡിൽ പ്രളയബാധിതർക്ക്  വിതരണം ചെയ്യാൻ നഗരസഭ സംഭരിച്ച  ഭക്ഷ്യവസ്തുക്കളാണ്  സി.പി.എം ലോക്കൽ കമ്മറ്റി അംഗം  കുറ്റ്യാടി മോഹനന്‍റെ വീട്ടിൽ രഹസ്യമായി ഇറക്കിയത്. തുടർന്ന് ഭക്ഷ്യവസ്തുക്കൾ ഇഷ്ടക്കാർക്ക്  വിതരണം  ചെയ്തു തുടങ്ങി. രഹസ്യമായിട്ടായിരുന്നു വിതരണം.

സംഭവമറിഞ്ഞെത്തിയ നാട്ടുകാർ  നഗരസഭാ ചെയർമാനെ വിവരമറിയിച്ചു. നഗരസഭാ കൗൺസിലറാണ് സാധനങ്ങൾ വിതരണം ചെയ്യേണ്ടതെന്നും മറ്റൊന്നും തനിക്കറിയില്ലെന്നുമായിരുന്നു ചെയർമാന്‍റെ പ്രതികരണം. വ്യക്തിപരമായി വിതരണം ചെയ്യേണ്ട സാധനങ്ങളെന്നായിരുന്നു ആദ്യം സി.പി.എം നേതാക്കളുടെ നിലപാട്. പ്രതിഷേധം കനത്തതോടെ നിലപാട് മാറ്റി.

നാട്ടുകാർ പൊന്നാനി പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സാധനങ്ങൾ പോലീസിന്‍റെ സഹായത്തോടെ  കൗൺസിലറുടെ വീട്ടിലേക്ക് മാറ്റി. തുടർന്നാണ് ഭക്ഷ്യവസ്തുക്കൾ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തത്.

നഗരസഭ സംഭരിച്ച ഭക്ഷ്യവസ്തുക്കൾ സി.പി.എമ്മിന്‍റെ  പേരിൽ വിതരണം ചെയ്യാൻ  ശ്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പവിത്രകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധിക്ക് പന്താവൂർ എന്നിവർആവശ്യപ്പെട്ടു.