തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവർത്തകന്‍ പിടിയില്‍

Jaihind Webdesk
Tuesday, May 31, 2022

കൊച്ചി : തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍. ടി.എം സഞ്ജുവെന്ന വോട്ടറുടെ പേരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ പ്രദേശിക ഡിവൈഎഫ്ഐ നേതാവ് ആൽബിനാണ് അറസ്റ്റിലായത്.

ഉച്ചയ്ക്ക് 12.45 ഓടെയാണ് പൊന്നുരുന്നി 66-ാം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്യാൻ ആൽബിൻ ശ്രമം നടത്തിയത്. ബൂത്തിലെ വോട്ടർ പട്ടികയിലെ 183-ാം ക്രമനമ്പറിലുള്ള ടി.എം സഞ്ജു എന്ന വ്യക്തിയുടെ വോട്ട് ചെയ്യാനാണ് ആൽബിൻ ശ്രമിച്ചത്. സഞ്ജു നായർ എന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഇത് യഥാർത്ഥ വോട്ടർ അല്ല തിരിച്ചറിഞ്ഞ യുഡിഎഫ് പോളിംഗ് ഏജന്‍റ് ചലഞ്ച് ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

വ്യാപകമായി കള്ളവോട്ടിന് സിപിഎം ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ശരിയാണെന്ന് തെളിയിക്കുന്ന സംഭവമാണ് തൃക്കാക്കരയില്‍ അരങ്ങേറിയത്. സംഭവത്തിൽ യുഡിഎഫ് നേതൃത്വം പരാതി നൽകിയിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇയാൾ കള്ളവോട്ട് ചെയ്യാൻ എത്തിയത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ എവിടെ നിന്നാണ് ലഭിച്ചതെന്ന് അന്വേഷിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.