ആചാരലംഘകർക്കൊപ്പം സിപിഎം ; ബിന്ദു അമ്മിണിയ്ക്ക് സീറ്റ് നല്‍കാന്‍ ആലോചന ; വിശ്വാസികളെ വെല്ലുവിളിച്ച് പാർട്ടി

Jaihind News Bureau
Wednesday, February 10, 2021

Kanaka-Durga-Bindhu

 

തിരുവനന്തപുരം : ശബരിമലയില്‍ ആചാരലംഘനം നടത്തിയ  ഇടതുസഹയാത്രിക ബിന്ദു അമ്മിണിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാവുന്നു. ബിന്ദുവിനെ കൊയിലാണ്ടിയിലോ സംവരണ മണ്ഡലമായ ബാലുശ്ശേരിയിലോ മത്സരിപ്പിക്കണമെന്നാണ് ആവശ്യം.

കൊയിലാണ്ടി സ്വദേശിനിയായ ബിന്ദുവിനെ കൊയിലാണ്ടി മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. കൊയിലാണ്ടിയിലെ സിറ്റിങ് എംഎല്‍എ കെ ദാസന്‍ മാറിനില്‍ക്കുന്നില്ലെങ്കില്‍ അവരെ തൊട്ടടുത്ത ബാലുശ്ശേരി സംവരണ മണ്ഡലത്തില്‍ പരിഗണിക്കണമെന്നും ഒരു വിഭാഗം  പാര്‍ട്ടിയ്ക്കുള്ളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബാലുശ്ശേരിയില്‍ പുരുഷന്‍ കടലുണ്ടിക്ക് ഇനിയൊരവസരം നല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.

ബിന്ദു അമ്മിണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ ഗ്രൂപ്പുകളിലും പ്രചാരണം ഉയർന്നിട്ടുണ്ട്.  സിപിഎമ്മിന്‍റെ സമരമുഖങ്ങളില്‍ സജീവ സാന്നിധ്യമാണെന്നും  ബിന്ദു അമ്മിണിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ നിയമനിർമ്മാണം നടത്തുമെന്ന പ്രഖ്യാപനത്തിനെതിരെ പത്രസമ്മേളനം വിളിച്ചാണ് ബിന്ദു അമ്മിണി പ്രതിഷേധിച്ചത്. സിപിഎം നിർദ്ദേശത്തെ തുടർന്നായിരുന്നു പത്രസമ്മേളനം.

അതേസമയം യുവതീപ്രവേശവുമായി ബന്ധപ്പെട്ട പഴയ നിലപാടില്‍ നിന്ന് സിപിഎം പുറകോട്ടുപോയി എന്ന ആക്ഷേപം പാര്‍ട്ടി പ്രവര്‍ത്തകരില്‍ ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് വലതുപക്ഷ വ്യതിയാനം ഉണ്ടായിട്ടില്ലെന്ന് കാണിക്കാനുള്ള പാർട്ടി  ശ്രമം. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സമ്മേളനങ്ങള്‍ നടക്കാനുള്ളതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ പാര്‍ട്ടി അതിന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കാണിക്കാനുള്ള ശ്രമംകൂടിയാണിത്.

ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ചോദ്യങ്ങളോട് സര്‍ക്കാര്‍ തുടരുന്ന മൗനം പാര്‍ട്ടിയ്ക്കുള്ളില്‍ വലിയൊരു വിഭാഗത്തിന്റെ എതിര്‍പ്പിന് കാരണമായിരുന്നു. ദൈവവിശ്വാസത്തെ നിരാകരിക്കാനും ആചാരങ്ങള്‍ ലംഘിക്കാനും ആഹ്വാനം ചെയ്യുന്ന തീവ്രസ്വഭാവമുള്ള മാര്‍ക്‌സിസ്റ്റ് ആശയധാരയുള്ളവരാണ് പുതിയ നീക്കത്തിന് പിന്നില്‍. മതചിന്തകളെ തള്ളിക്കളയുന്ന വൈരുദ്ധ്യാത്മക ഭൗതിക വാദത്തെക്കുറിച്ച് എം വി ഗോവിന്ദന്‍ നടത്തിയ വിവാദ പ്രസംഗവും പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പരമ്പരാഗത മാര്‍ക്‌സിസ്റ്റ് ചിന്താഗതിക്കാര്‍ ‘നിലപാട് ഉയര്‍ത്തിപ്പിടിക്കണം’ എന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യപ്പെടുന്നത്.

ശബരിമല സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം മാറ്റിക്കൊടുക്കുമെന്ന വിധത്തില്‍ എം എ ബേബി നടത്തിയ പ്രസ്താവന തിരുത്തിച്ചതിന് പിന്നിലും ഈ വിഭാഗത്തിന്റെ സമ്മര്‍ദ്ദമുണ്ട്. വോട്ട് നഷ്ടപ്പെട്ടാലും ശബരിമല നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ഇവരുടെ വാദം.

ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായ വിധി പിണറായി സര്‍ക്കാര്‍ വാങ്ങിയെടുത്തതിന് ശേഷം പൊലീസിന്റെ സഹായത്തോടെയാണ് ബിന്ദു അമ്മിണിയും കനക ദുര്‍ഗയും സന്നിധാനത്ത് ദര്‍ശനം നടത്തിയത്. തലശ്ശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫസറായ ബിന്ദുവിന്റെ പ്രവര്‍ത്തിയെ പാര്‍ട്ടിയും മുഖ്യമന്ത്രിയും പിന്തുണച്ചിരുന്നു. നേരത്തെ നക്‌സല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച ബിന്ദു അതിനുശേഷമാണ് സിപിഎമ്മിനോട് അനുഭാവം പ്രകടിപ്പിച്ചത്.