‘തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തി; പോലീസിന്‍റെ പോസ്റ്റല്‍ വോട്ട് വീണ്ടും നടത്തണം’ : ഉമ്മന്‍ ചാണ്ടി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. വോട്ടര്‍ പട്ടികയില്‍ നിന്ന് നിരവധി പേരെയാണ് നിയമവിരുദ്ധമായി ഒഴിവാക്കിയിരിക്കുന്നത്. ചില തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയും ഇക്കാര്യത്തിലുണ്ടായി. ജനാധിപത്യ അവകാശം നിഷേധിച്ച ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ  ശക്തമായ നടപടി സ്വീകരിക്കണം. പോലീസിന്‍റെ പോസ്റ്റല്‍ വോട്ടിംഗ് വീണ്ടും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോലീസിന്‍റെ പോസ്റ്റല്‍ വോട്ടിംഗിലെ ക്രമക്കേട് അന്വേഷണം നടത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. പോലീസിന് പോലും സ്വതന്ത്രമായി വോട്ടിംഗില്‍ പങ്കെടുക്കാന്‍ പറ്റാത്ത തരത്തില്‍ സമ്മര്‍ദം ഉണ്ടാകുന്നു എന്നത് അതീവ ഗുരുതരമായ കാര്യമാണ്. ക്രമക്കേടില്‍ പോലീസ് അസോസിയേഷന്‍റെ പങ്കാളിത്തം സംബന്ധിച്ച് വ്യക്തമായ സാഹചര്യത്തില്‍ ക്രമക്കേടിന്‍റെ വ്യാപ്തി വളരെ വലുതാണ്.

മൂന്നോ നാലോ പേരില്‍ സംഭവത്തിന്‍റെ ഉത്തരവാദിത്വം ആരോപിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ല. ഗൂഢാലോചനയ്ക്കും വോട്ടിംഗ് തിരിമറിക്കും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. പോലീസ് പോസ്റ്റല്‍ വോട്ടിംഗ് സ്വതന്ത്രമായി കുറ്റമറ്റ രീതിയില്‍ വീണ്ടും നടത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

oommen chandycpmElection
Comments (0)
Add Comment