
പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനമായി. ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്തത്. ഇന്ന് രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ നടപടി റിപ്പോർട്ട് ചെയ്ത ശേഷം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മാധ്യമങ്ങളെ ഔദ്യോഗികമായി വിവരം അറിയിക്കും.
ആരോപണവിധേയനായ ടി.ഐ. മധുസൂദനൻ എം.എൽ.എ കൂടി പങ്കെടുത്ത യോഗത്തിലാണ് കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടിക്ക് തീരുമാനമായത്. കുഞ്ഞികൃഷ്ണന്റേത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും പാർട്ടിയെ പൊതുസമൂഹത്തിൽ അവഹേളിക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നും നേതാക്കൾ യോഗത്തിൽ വിമർശിച്ചു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ തുടർച്ചയായി പ്രസ്താവനകൾ നടത്തിയത് അക്ഷന്തവ്യമായ തെറ്റായാണ് നേതൃത്വം വിലയിരുത്തുന്നത്.
രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നുവെന്ന പരാതി അന്വേഷിക്കാൻ പാർട്ടി നേരത്തെ രണ്ട് കമ്മീഷനുകളെ നിയോഗിച്ചിരുന്നു. എന്നാൽ ഈ കമ്മീഷനുകൾ ക്രമക്കേട് കണ്ടെത്തിയില്ലെന്നാണ് പാർട്ടി ഔദ്യോഗികമായി വ്യക്തമാക്കുന്നത്. കമ്മീഷൻ റിപ്പോർട്ടുകൾ നിലനിൽക്കെ, വീണ്ടും പരസ്യമായ പ്രസ്താവനകളുമായി മുന്നോട്ടുപോയ കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന കാര്യത്തിൽ യോഗത്തിൽ പങ്കെടുത്ത നേതാക്കൾ ഒറ്റക്കെട്ടായ നിലപാടാണ് സ്വീകരിച്ചത്.